ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ കനത്ത പരാജയത്തിനു കാരണം 2008-09 കാലഘട്ടത്തിലെ സാമ്പത്തിക ഉത്തേജക പാക്കെജുകളാണെന്നു മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം.
താന്‍ ധനമന്ത്രിയായി ചുമതലയേറ്റ ശേഷം സ്വീകരിച്ച സാമ്പത്തിക നയങ്ങള്‍ സര്‍ക്കാരിനു തിരിച്ചടിയായിട്ടില്ല. ഇതിനു മുന്‍പുള്ളതാണു യുപിഎ സര്‍ക്കാരിനെ ദോഷകരമായി ബാധിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
എന്നാല്‍ ഈ പാക്കെജുകള്‍ ദീര്‍ഘവീക്ഷണമില്ലാത്തതും സര്‍ക്കാരിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുകയും ചെയ്തുവെന്നു ചിദംബരം.
ധനക്കമ്മി നിയന്ത്രിക്കുന്നതിനു സ്വീകരിച്ച എല്ലാ മാനദണ്ഡങ്ങള്‍ക്കും വിരുദ്ധമായിരുന്നു ഉത്തേജന പാക്കെജ്. ഇത് പണപ്പെരുപ്പം ഉയരാന്‍ ഇടയാക്കി. രാജ്യത്തു വിലക്കയറ്റം ക്രമാതീതമായി ഉയരാനും ഇത് ഇടയാക്കിയെന്നു ചിദംബരം കുറ്റപ്പെടുത്തി.
പ്രണബ് മുഖര്‍ജി ധനമന്ത്രിയായിരുന്ന കാലത്താണു സാമ്പത്തിക ഉത്തേജക പാക്കെജ് പ്രഖ്യാപിച്ചത്. ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയില്‍ ആയപ്പോള്‍ ഇതില്‍ നിന്നു കരകയറാന്‍ വേണ്ടിയാണു പ്രണബ് സാമ്പത്തിക ഉത്തേജക പാക്കെജുകള്‍ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു കാരണം സാമ്പത്തിക നയങ്ങളാണെന്നു കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിലയിരുത്തിയിരുന്നു. ഈ ആരോപണത്തില്‍ നിന്നു രക്ഷപെടാന്‍ വേണ്ടിയാണു ചിദംബരം കുറ്റം പ്രണബിന്റെ മേല്‍ ചുമത്തിയത്.