റോം: സിറിയയില്‍ നിന്നുള്ള 359 അനധികൃത കുടിയേറ്റക്കാരെ ഇറ്റലിയിലേക്ക് എത്തിക്കാന്‍ ഇസദീന്‍ എന്ന കപ്പല്‍ ജീവനക്കാര്‍ സ്വന്തമാക്കിയത് മൂന്ന് ദശലക്ഷം ഡോളറെന്ന് പൊലീസ്. കുടിയേറ്റക്കാരില്‍ നിന്നാണ് ഇത്രയും വലിയ തുക കപ്പല്‍ ജീവനക്കാര്‍ തട്ടിയെടുത്തത്.
സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 350 കുടിയേറ്റക്കാരുമായി മെഡിറ്ററേനിയന്‍ കടലിലായിരുന്നു കപ്പല്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇറ്റലിയുടെ തീരത്തിനടുത്താണ് ജീവനക്കാര്‍ കപ്പല്‍ ഉപേക്ഷിച്ച് മുങ്ങിയത്. കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കടലില്‍ കുടുങ്ങിയതോടെ യാത്രക്കാരില്‍ ഒരാളാണ് കടല്‍ റേഡിയോ ഉപയോഗിച്ച് ഇറ്റാലിയന്‍ തീരരക്ഷാ സേനയ്ക്ക് അടിയന്തര അറിയിപ്പ് നല്‍കിയത്. തുടര്‍ന്ന് നേവിയെത്തി കപ്പല്‍ ഇറ്റാലിയന്‍ തീരത്ത് എത്തിക്കുകയായിരുന്നു.
സിറിയയില്‍ ആഭ്യന്തര യുദ്ധം മൂലം ഇറ്റലിയിലേക്ക് പലായനം ചെയ്തവരായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. ഇറ്റലിയിലേക്ക് യാത്ര ചെയ്യാനായി യാത്രക്കാരില്‍ നിന്ന് നാലായിരം മുതല്‍ എണ്ണായിരം ഡോളര്‍ വരെ കപ്പല്‍ ജീവനക്കാര്‍ സ്വന്തമാക്കിയിരുന്നു.