പൊലീസ്‌ കമ്മീഷണര്‍ നിയമനം: സമുദായ താല്‍പര്യത്തില്‍ ചട്ടങ്ങള്‍ കാറ്റില്‍ പറന്നു

കൊച്ചി: സമുദായ സ്‌നേഹത്തിന് മുന്നില്‍ ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

ഡി.ഐ.ജി റാങ്കുള്ള കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ തസ്തികയിലേക്ക് കോട്ടയം എസ്.പിയായ ദിനേശിന് നിയമനം നല്‍കിയാണ് നിലവിലെ ചട്ടം ആഭ്യന്തര വകുപ്പ് തന്നെ കാറ്റില്‍ പറത്തിയത്.

ദിനേശിന് അടുത്ത ജനുവരിയില്‍ മാത്രമെ പ്രമോഷന്‍ ലഭിക്കുവെന്നിരിക്കെ നിലവിലെ സിറ്റി പൊലീസ് കമ്മീഷണര്‍ കെ.ജെ ജെയിംസ് വിരമിച്ച ഒഴിവില്‍ മറ്റൊരുദ്യോഗസ്ഥനെയും നിയമിക്കാതിരിക്കാനാണ് ധൃതിപ്പെട്ട് ദിനേശിനെ സിറ്റി പൊലീസ് കമ്മീഷണറാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

എന്‍.എസ്.എസ് ആസ്ഥാനമായ പെരുന്ന ഉള്‍പ്പെട്ട കോട്ടയം ജില്ലയില്‍ മൂന്ന് വര്‍ഷത്തോളം എസ്.പിയായിരുന്ന ദിനേശന്റെ സര്‍വ്വീസ് ട്രാക്ക് മികച്ചതാണെങ്കിലും വഴിവിട്ട് നിയമനം നല്‍കിയ രീതി ശരിയായില്ലെന്ന നിലപാടിലാണ് മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥര്‍.

നേരിട്ട് ഐ.പി.എസ് ലഭിച്ചവര്‍ ഇരിക്കേണ്ട തന്ത്രപ്രധാനമായ പോസ്റ്റില്‍ തുടര്‍ച്ചയായി പ്രമോട്ടി ഐ.പി.എസുകാരെ നിയമിക്കുന്നതില്‍ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കടുത്ത അതൃപ്തിയാണ് ഉയര്‍ന്നിട്ടുള്ളത്.

സംസ്ഥാനത്തെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സിറ്റികളില്‍ കമ്മീഷണര്‍ തസ്തിക ഡി.ഐ.ജി റാങ്കാക്കി നേരത്തെ തന്നെ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ കോഴിക്കോട് സിറ്റിയില്‍ ഇതുവരെ ഈ ഉത്തരവ് നടപ്പാക്കിയിട്ടില്ല. അവിടെയും പ്രമോട്ടി ഐ.പി.എസുകാരനായ വത്സനാണ് കമ്മീഷണര്‍.

ഇപ്പോഴത്തെ സാഹചര്യത്തില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ മാത്രമാണ് ഡി.ഐ.ജി റാങ്കിലുള്ളത്. എറണാകുളം സിറ്റിയില്‍ നിയമിക്കാന്‍ പറ്റിയ മിടുക്കന്മാരായ ഡി.ഐ.ജിമാര്‍ ഇല്ലാത്തതിനാലല്ല ഇപ്പോഴത്തെ നിയമനമെന്നതും വ്യക്തമാണ്.

സൗത്ത് സോണ്‍ എ.ഡി.ജി.പി പത്മകുമാര്‍, ഇന്റലിജന്‍സ് എ.ഡി.ജി.പി ഹേമചന്ദ്രന്‍ തുടങ്ങി ഇപ്പോള്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വരെ ഒരേ സമുദായത്തില്‍ പെടുന്നവരാണ്.

പൊലീസ് നിയമനങ്ങളില്‍ ജാതിയും മതവും മാനദണ്ഡമാക്കുന്നത് ശരിയല്ലെന്ന വിമര്‍ശനമുണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് ആഭ്യന്തര മന്ത്രി മുന്നോട്ട് പോകുന്നത്. വിമര്‍ശനമുയരുമ്പോള്‍ ഉത്തരവാദിത്വം പൊതുഭരണ വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിയുടെ തലയില്‍ വെച്ചാണ് ചെന്നിത്തല ഒഴിഞ്ഞുമാറാറുള്ളത് എന്നും ആരോപണമുണ്ട്.

നേരത്തെ ആലപ്പുഴ എസ്.പിയായിരുന്ന പ്രമോട്ടി ഐ.പി.എസുകാരനായ കെ.ജെ ജെയിംസിന് പ്രമോഷന്‍ ലഭിച്ചതിനെ തുടര്‍ന്നാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാക്കിയിരുന്നത്. ഈ നിയമനത്തിലും നേരിട്ട് ഐ.പി.എസ് നേടിയ ഡി.ഐ.ജിമാരെ ആഭ്യന്തരവകുപ്പ് തഴഞ്ഞിരുന്നു.

കൊച്ചി സിറ്റി ഏറ്റവും മോശമായതും മയക്കുമരുന്ന് ഗുണ്ടാ മാഫിയകളുടെ വിഹാര കേന്ദ്രമായതും ജെയിംസ് കമ്മീഷണറായിരുന്ന കാലഘട്ടത്തിലാണ്.

നേരിട്ട് ഐ.പി.എസ് നേടിയ ഐ.പി.എസുകാരെ രംഗത്തിറക്കി മയക്കുമരുന്ന് – ഗുണ്ടാ മാഫിയകളെ മുഖം നോക്കാതെ അടിച്ചമര്‍ത്തുന്നതിന് പകരം നിഷ്പക്ഷ നീതി നിര്‍വ്വഹണത്തെ തടസപ്പെടുത്തുന്ന നടപടിയാണ് സര്‍ക്കാരിപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

ജെയിംസിന്റെ കാലത്തെ ചരിത്രം കൊച്ചി നഗരത്തില്‍ വീണ്ടും ആവര്‍ത്തിച്ചാല്‍ അത് വലിയ പ്രത്യാഘാതത്തിന് തന്നെ കാരണമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Top