കോലാപൂര്‍: മഹാരാഷ്ട്രയിലെ പ്രമുഖ കമ്മ്യുണിസ്റ്റ് നേതാവ് ഗോവിന്ദ് പി. പന്‍സരെയ്ക്കും ഭാര്യയ്ക്കും നേരെ അജ്ഞാതരുടെ ആക്രമണം. സാഗര്‍മലയിലെ ഇവരുടെ വസതിയ്ക്കു സമീപത്ത് വച്ച് പ്രഭാത നടത്തത്തിനിടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നാലു തവണ വെടിവച്ചതായാണ് റിപ്പോര്‍ട്ട്. ഇരുവരുടെയും നില ഗുരുതരമാണ്.
ഇവരെ ഉടന്‍തന്നെ അസ്റ്റര്‍ ആധാര്‍ ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് എത്രയും പെട്ടെന്ന് വിഷയം അന്വേഷിക്കണമെന്നും അക്രമികളെ പിടികൂടണമെന്നും കോല്‍ഹാപൂര്‍ എസ്.പിക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനായി 10 പ്രത്യേക സംഘങ്ങളെ നിയോഗിക്കാനും സംസ്ഥാനത്തെ ഡി.ഐ.ജിയോട് അന്വേഷണത്തില്‍ മേല്‍നോട്ടം വഹിക്കാനും അദ്ദേഹം ഉത്തരവിട്ടു.
പ്രമുഖ അഭിഭാഷകനും എഴുത്തുകാരനുമാണ് 82കാരനായ ഗോവിന്ദ് പന്‍സരെ. ആക്രമണത്തില്‍ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി റാം ഷിന്‍ഡെ അപലപിച്ചു. അക്രമികളെ പിടികൂടൂന്നതിനായി നടപടി സ്വീകരിച്ചതായും റോഡുകള്‍ തടഞ്ഞ് പരിശോധന നടക്കുന്നുണ്ടെന്നും ഷിനഡെ പറഞ്ഞു.
മഹാരാഷ്ട്രയില്‍ ടോള്‍ പിരിവിനെതിരെ ശക്തമായ സമരം നടത്തുന്ന നേതാവാണ് ഗോവിന്ദ് പന്‍സരെ