കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ മേഖലയില്‍ കരിമണല്‍ ഖനനത്തിന് വഴിയൊരുങ്ങുന്നു. സ്വകാര്യ, സംയുക്ത മേഖലയില്‍ കരിമണല്‍ ഖനനത്തിന് അനുമതി തേടി സമര്‍പ്പിച്ച അപേക്ഷകള്‍ ആറ് മാസത്തിനകം പരിഗണിച്ച് തീരുമാനമെടുക്കാനുള്ള 2013ലെ സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബഞ്ച് തള്ളി. ഖനനം കേന്ദ്ര വിഷയമാണ്. കരിമണല്‍ ഖനനത്തില്‍ നിന്ന് സ്വകാര്യ മേഖലയെ മാറ്റിനിര്‍ത്താന്‍ അതിനാല്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമില്ല.
സ്വകാര്യ, സംയുക്ത മേഖലകളില്‍ ഖനനത്തിന് അനുമതി തേടി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകള്‍ ആറ് മാസത്തിനകം സര്‍ക്കാര്‍ പരിഗണിക്കണമെന്നുമായിരുന്നു സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ്. ഈ ഉത്തരവ് ശരിവെച്ചാണ് ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, ബാബുമാത്യു പി ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് സര്‍ക്കാര്‍ അപ്പീല്‍ തള്ളിയത്. സംസ്ഥാന സര്‍ക്കാറിന് ഖനന നിയന്ത്രണ കാര്യത്തില്‍ പരിമിതമായ അധികാരങ്ങള്‍ മാത്രമാണുള്ളത്.
ഖനനം സ്വകാര്യ, സംയുക്ത മേഖലകള്‍ക്ക് നല്‍കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുകയും സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുള്ളതുമാണ്. ഇക്കാര്യത്തിലുള്ള കേന്ദ്ര നയത്തിന് വിരുദ്ധമാണ് സംസ്ഥാനത്തിന്റെ നയമെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ നിലവിലുള്ള 29 അപേക്ഷകള്‍ വിശദമായി പരിശോധിച്ച് തീരുമാനമെടുക്കാനാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്.