ചെന്നൈ: ഡിഎംകെ അധ്യക്ഷനായി എം.കരുണാനിധിയെ വീണ്ടും തെരഞ്ഞെടുത്തു. 12-ാം തവണയാണ് 92-കാരനായ കരുണാനിധിയെ പാര്‍ട്ടി തലപ്പത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
ചെന്നൈയില്‍ വെള്ളിയാഴ്ച ചേര്‍ന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗമാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. കെ.അന്‍പഴകനെ ജനറല്‍ സെക്രട്ടറിയായും എം.കെ.സ്റ്റാലിനെ ട്രഷററായും വീണ്ടും തെരഞ്ഞെടുത്തു. പാര്‍ട്ടി എംപി കനിമൊഴിയെ വനിത വിഭാഗം സെക്രട്ടറിയായും നിലനിര്‍ത്തി.
മുന്‍ മന്ത്രിയും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ദുരൈമുരുകന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സ്ഥാനക്കയറ്റം നല്കി. അര്കോട്ട് എന്‍ വീരസാമിയുടെ സ്ഥാനത്തേക്കാണ് ദുരൈമുരുകനെ തെരഞ്ഞെടുത്തത്. മുന്‍ മന്ത്രിമാരായ സുബ്ബുലക്ഷ്മി ജഗദീശന്, എസ്.പി സര്ഗുണപാണ്ഡ്യന്, വി.പി. ദുരൈസാമി, ഐ. പെരിയസാമി എന്നിവരെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിമാരായി നാമനിര്‍ദ്ദേശം ചെയ്തു.