തിരുവനന്തപുരം: കലാഭാരതി ഫൗണ്ടേഷന് ഫോര്‍ ഇന്ത്യന്‍ കള്‍ച്ചര്‍ ആന്‍ഡ് ഹേറിറ്റേജ് ഏര്‍പ്പെടുത്തിയ ‘നൃത്ത ശ്രീ’ പുരസ്കാരം ചലച്ചിത്ര താരവും കുച്ചിപ്പുടി നര്‍ത്തകിയുമായ മഞ്ജു വാര്യര്‍ക്ക് സമ്മാനിച്ചു. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ നടന്ന ചടങ്ങില്‍ സാംസ്കാരിക മന്ത്രി കെ.സി ജോസഫാണ് പുരസ്കാരം സമ്മാനിച്ചത്. ‘ഇത് എന്റെ ജീവിതത്തിലെ അവിസ്മരണീയമായ നിമിഷമാണിത്. സിനിമ രംഗത്ത് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും നൃത്തത്തിന് ആദ്യമായാണ് ദേശീയ തലത്തിലുള്ള അവാര്‍ഡ് സ്വീകരിക്കാനാവുന്നത്.’ നൃത്തശ്രീ പുരസ്കാരം സാംസ്കാരിക മന്ത്രിയില്‍ നിന്നും ഏറ്റു വാങ്ങിയതിനു ശേഷം നടത്തിയ നന്ദി പ്രസംഗത്തില്‍ മഞ്ജു പറഞ്ഞു.
ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും ഉള്‍പ്പെടുന്നതാണ് നൃത്തശ്രീ പുരസ്കാരം. ദേശീയ രംഗത്ത് നൃത്തത്തിന് നല്കിയ സമഗ്ര സംഭാവനയ്ക്കുള്ള ‘കലാഭാരതി നാട്യ ശ്രേഷ്ഠ’ അവാര്‍ഡ് കലാമണ്ഡലം ക്ഷേമാവതിയ്ക്കും നല്കി ആദരിച്ചു
തന്റെ എല്ലാ കഷ്ടപ്പാടുകളിലും എന്നോടോപ്പം നിന്ന എന്റെ മാതാപിതാക്കള്‍ക്കാണ് തന്റെ എല്ലാവിജയങ്ങള്‍ക്കും താന്‍ നന്ദിരേഖപ്പെടുത്തന്നതെന്നും നൃത്തവേദികളില്‍ തന്റെയൊപ്പം പക്കമേളവും ചമയവും ഒക്കെ ഒരുക്കി തന്റെയൊപ്പമുള്ള എല്ലാ കലാകാരന്മാര്ക്കും താന്‍ ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്നും മഞ്ജു പറഞ്ഞു. യുവ കലാകാരന്മാര്ക്ക് അവസരവും പ്രോത്സാഹനവും നല്കി മികച്ച രീതിയില്‍ നൃത്തോല്സവങ്ങളും സംഗീതോത്സവങ്ങളും സംഘടിപ്പിക്കുന്ന കലാഭാരതിയെയും സംഘാടകരെയും മഞ്ജു വാര്യര്‍ അഭിനന്ദിച്ചു.
കേരളത്തിലെ സാംസ്കാരിക മന്ത്രി കെ സി ജോസഫിന് പുറമെ എംഎല്‍എ ഇ പി ജയരാജന്, പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി, നര്‍ത്തകി ഡോ. നീനപ്രസാദ്, സംഗീതജ്ഞന് രമേഷ് നാരായണ്‍, പ്രമുഖ കലാനിരൂപകന് പ്രൊഫ. ജോര്‍ജ് എസ് പോള്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യം കൊണ്ടും ചടങ്ങു ശ്രദ്ധേയമായി. പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം കലാഭാരതി ദേശീയ നൃത്തോല്‍സവത്തില്‍ നീലമന സിസ്റ്റഴ്സ് അവതരിപ്പിച്ച കുച്ചുപ്പിടി, ഭരതനാട്യം, ജുഗല്‍ബന്ദി ആസ്വദിച്ചതിനുശേഷമാണ് മഞ്ജു യാത്രയായത്.