ന്യൂഡല്‍ഹി: കല്‍ക്കരിപാടം അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് നല്കിയ ഹര്‍ജി സുപ്രീംകോടതി ഏപ്രില്‍ ഒന്നിന് പരിഗണിക്കും.
കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ തന്നെ പ്രതി ചേര്‍ത്ത സിബിഐ കോടതിയുടെ നടപടിക്കെതിരെ കഴിഞ്ഞ ദിവസം മന്മോഹന് സിംഗ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കേസില്‍ നേരിട്ടു ഹാജരാകണമെന്ന വിചാരണക്കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നതാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
പ്രമുഖ അഭിഭാഷകന് കപില്‍ സിബലിന്റെ നേതൃത്വത്തിലുള്ള സംഘമാണു സുപ്രീംകോടതിയില്‍ മന്മോഹന് സിംഗിനായി ഹാജരാകുന്നത്.
കേസില്‍ കഴിഞ്ഞയാഴ്ചയാണു മന്മോഹനെ ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതി പ്രതിചേര്‍ത്തത്. പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗ് 2009ല്‍ കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന സമയത്ത് കുമാരമംഗലം ബിര്‍ളയുടെ ഹിന്‍ഡാല്‍കോ കമ്പനിക്ക് അനധികൃതമായി കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചെന്നായിരുന്നു കേസ്.
ഇടപാടില്‍ 1.86 ലക്ഷം കോടിയുടെ അഴിമതി നടന്നെന്നായിരുന്നു സിഎജിയുടെ കണ്ടെത്തല്‍. ഇതേതുടര്‍ന്നാണ് സിബിഐ അന്വേഷണം ആരംഭിച്ചത്.