കവാസാക്കിയുടെ പുതിയ ക്രൂസര്‍ ബൈക്ക് വുള്‍കാന്‍

മോട്ടോര്‍ സൈക്കിളുകളുടെ ലോകത്ത് കവാസാക്കി ഒരു പുതിയ താരത്തെ എത്തിക്കുന്നു. കവാസാക്കിയുടെ ഈ പുതിയ ക്രൂസര്‍ ബൈക്കിന്റെ പേരാണ് വുള്‍കാന്‍.

റൈഡിംഗ് ഹരമാക്കിയവരെ ലക്ഷ്യമിട്ടാണ് ഈ ‘ആഡംബര’ ബൈക്ക് വിപണിയിലെത്തുക. എന്നെത്തുമെന്ന് കവാസാക്കി ഇതുവരെ അറിയിച്ചിട്ടില്ല. ക്രൂസര്‍ ബൈക്കുകളുടെ തനത് രൂപകല്പനയാണ് വുള്‍കാനിലുമുള്ളത്. എങ്കിലും, രൂപകല്പനയിലെ ഓരോ ഭാഗത്തും പുതുമയുണ്ട്, വ്യത്യസ്തതയുണ്ട്.

മുന്‍ഭാഗത്തെ ആകര്‍ഷകമാക്കും വിധം മനോഹരമായ ഹെഡ് ലൈറ്റ്. അതാകട്ടെ മുട്ടയുടെ ആകൃതിയില്‍ മുന്നിലേക്ക് തള്ളിനില്‍ക്കും വിധമാണ്. 5സ്‌പോക്ക് അലോയ് വീലുകളും, അതില്‍ നല്‍കിയിരിക്കുന്ന ഡിസ്‌ക് ബ്രേക്കുകളും വുള്‍കാന്റെ ഭംഗി കൂട്ടുന്നു. ഡിജിറ്റലും അനലോഗും സമന്വയിക്കുകയാണ് വ്യത്യസ്തമായി തയ്യാറാക്കിയ ഇന്‍സ്ട്രുമെന്റ് പാനലില്‍. കറുപ്പഴകില്‍ ചാലിച്ചാണ് എന്‍ജിന്‍ സ്ഥാപിച്ചിരിക്കുന്നത്. സീറ്റിലേക്ക് ഒഴുകി വീഴും വിധം തയ്യാറാക്കിയിരിക്കുന്ന ഇന്ധനടാങ്കും വുള്‍കാന്റെ സൗന്ദര്യം തന്നെ. ഒരാള്‍ക്ക് മാത്രേ യാത്ര ചെയ്യാനാകൂ എന്നത് പക്ഷേ, ന്യൂനതയുമാണ്.

കെര്‍ബ് വെയ്റ്റ് 228 കിലോഗ്രാമുള്ള വുള്‍കാനെ നിയന്ത്രിക്കുന്നത് ലിക്വിഡ് കൂളായ ഡി.ഒ.എച്ച്.സി, 4 സ്‌ട്രോക്ക്, 649 സി.സി എന്‍ജിനാണ്. 61 ബി.എച്ച്.പിയാണ് എന്‍ജിന്റെ കരുത്ത്. ടോര്‍ക്ക് 63 ന്യൂട്ടണ്‍ മീറ്റര്‍. ആറ് ഗിയറുകളുണ്ട്. എ.ബി.എസോടു കൂടി, ട്വിന്‍ പിസ്റ്റല്‍ കാലിപ്പര്‍ ഡിസ്‌ക് ബ്രേക്കാണ് ടയറുകളില്‍ നല്‍കിയിരിക്കുന്നത്. ടെലസ്‌കോപിക്ക് ഫോര്‍ക് ലേ ഡൗണ്‍ ഓഫ്‌സെറ്റ് റിയര്‍ ഷോക്ക് സസ്‌പെന്‍ഷനുകള്‍ റൈഡിംഗ് സുഖകരമാക്കും.

1575 എം.എം വീല്‍ബേസാണ് വുള്‍കാനുള്ളത്. ഗ്രൗണ്ട് ക്‌ളിയറന്‍സ് 130 എം.എം. ഇന്ധനടാങ്കില്‍ 14 ലിറ്റര്‍ പെട്രോള്‍ നിറയും. വുള്‍കാന്റെ മൈലേജ് വ്യക്തമല്ല. മെറ്റാലിക് റോയല്‍ പര്‍പ്പിള്‍, പേള്‍ ക്രിസ്റ്റല്‍ വൈറ്റ്, ഫ്‌ളാറ്റ് എബോണി എന്നീ നിറഭേദങ്ങളില്‍ ലഭിക്കുന്ന വുള്‍കാന് പ്രതീക്ഷിക്കുന്ന എക്‌സ് ഷോറൂം വില എട്ട് ലക്ഷം രൂപ.

ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750, ഹാര്‍ലി ഡേവിഡ്‌സണ്‍ അയണ്‍ 883, ഹ്യോസംഗ് ജിവി 650 എന്നിവയാണ് വിപണിയിലെ എതിരാളികള്‍.

Top