കാന്‍സറും ജനിതക രോഗങ്ങളും പ്രതിരോധിക്കാന്‍ ഡി.എന്‍.എ. പദ്ധതി

വാഷിങ്ടണ്‍: ഡി.എന്‍.എ. പരിശോധനയിലൂടെ കാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങളെ പ്രതിരോധിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്യുന്നതായി എന്‍.എച്ച്.എസ്. അറിയിച്ചു. ഡി.എന്‍.എയുടെ ഘടനയില്‍ വന്ന മാറ്റം കണ്ടുപിടിച്ച് അതിനെ തരണം ചെയ്യാനുള്ള മരുന്നുകള്‍ കണ്ടുപിടിക്കുകയാണ് പദ്ധതി. 11 ജീനോമിക് മെഡിക്കല്‍ സെന്ററുകളെ മാരകരോഗങ്ങള്‍ക്കു ചികില്‍സ കണ്ടുപിടിക്കാനുള്ള പദ്ധതിയില്‍ പങ്കാളികളാക്കും. വിവിധ ആശുപത്രികളുടെ സഹായത്തോടെ രോഗികളുടെ ഡി.എന്‍.എ. ശേഖരിക്കും.

കാന്‍സറിനും അപൂര്‍വമായി മാത്രം കാണുന്ന ജനിതക രോഗങ്ങള്‍ക്കും ചികില്‍സ കണെ്ടത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പുതിയ മരുന്നുകള്‍ക്കും പരിശോധനകള്‍ക്കും പകരം മൂന്നുവര്‍ഷത്തിനകം ഒരു ലക്ഷത്തോളം ജീനോമുകള്‍ കണെ്ടത്താനാണ് ശ്രമം. പദ്ധതിയുടെ ഭാഗമാവാന്‍ രോഗികള്‍ക്കും അവസരം നല്‍കുന്നുണ്ട്. ഗവേഷകര്‍ക്കു രോഗത്തെക്കുറിച്ചു പഠിക്കാനായി തങ്ങളുടെ ജനറ്റിക് കോഡ്, മെഡിക്കല്‍ റിപോര്‍ട്ട് എന്നിവ രോഗികള്‍ നല്‍കേണ്ടിവരും.

25,000 കാന്‍സര്‍ രോഗികളുടെ കോശജാലകങ്ങള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. വളരെ വിശദമായ പരിശോധനയിലൂടെ ആരോഗ്യകരമായ അവസ്ഥയിലും ട്യൂമറിലും വന്ന വ്യത്യാസം കണ്ടുപിടിക്കാന്‍ കഴിയും. ഇതു കാന്‍സര്‍ ബാധയ്ക്കുള്ള കാരണങ്ങള്‍ സ്ഥിരീകരിക്കാന്‍ സഹായിക്കും. രോഗത്തെ പ്രതിരോധിക്കാനുള്ള മരുന്ന് എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ ഇത് സഹായിക്കുമെന്നാണ് ഗവേഷകരുടെ നിഗമനം.

മനുഷ്യരിലെ ജനിതക ഘടനയിലുണ്ടാവുന്ന മാറ്റം പെട്ടെന്നു കണ്ടുപിടിക്കാന്‍ കഴിയുമെന്നും ഡി.എന്‍.എ. പരിശോധനയിലൂടെയുള്ള ചികില്‍സ കൂടുതല്‍ ഫലപ്രദമാവുമെന്നും പഠനത്തിനു നേതൃത്വം നല്‍കുന്ന പ്രഫ. ഗ്രെയ്‌മേ ബ്ലാക്ക് അറിയിച്ചു.

Top