കാലില്‍ ചിപ്പുമായി പ്രാവ്; ഭീകരവിരുദ്ധ സേന അന്വേഷണം തുടങ്ങി

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ഇന്ത്യ പാക് സമുദ്രാതിര്‍ത്തിക്കു സമീപം കാലില്‍ മൈക്രോചിപ്പ് ഘടിപ്പിച്ച നിലയില്‍ പ്രാവിനെ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ഇതേത്തുടര്‍ന്ന് ഭീകര വിരുദ്ധ സേന അന്വേഷണം തുടങ്ങി. ഒരു കാലില്‍ മൈക്രോചിപ്പും മറുകാലില്‍ കോഡ് രേഖപ്പെടുത്തിയ വളയവുമായി പ്രാവിനെ കണ്ടെത്തിയ കാര്യം ഗുജറാത്ത് സര്‍ക്കാരാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചത്. ഗുജറാത്തില്‍ പ്രാവുകളെ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നത് തുടര്‍ സംഭവമാകുന്ന സാഹചര്യത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇത് അതീവ ജാഗ്രതയോടെയാണ് കാണുന്നത്. പാക് ഭീകരരുടെ ഭാഗത്തു നിന്നാണോ ഇത്തരത്തിലൊരു നിരീക്ഷണമുണ്ടായതെന്നും പരിശോധിക്കുന്നുണ്ട്.

ആഭ്യന്തര മന്ത്രാലയത്തിനു പുറമെ തീരസംരക്ഷണ സേന, വനം വകുപ്പ്, ഫൊറന്‍സിക് വിദഗ്ധര്‍, ഭീകരവാദ വിരുദ്ധ സേന എന്നിവര്‍ക്കും സംഭവത്തിന്റെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന രണ്ടു പേജ് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. അടുത്തിടെ ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്ത് പാക്കിസ്ഥാനില്‍ നിന്നെത്തിയതെന്നു സംശയിക്കുന്ന ബോട്ട് കത്തിയ സംഭവത്തിനു ശേഷം തീരസംരക്ഷണ സേന സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഇതിനിടെയാണ് സംശയാസ്പദമായ സഹചര്യത്തില്‍ പ്രാവിനെ കണ്ടെത്തിയത്.

കഴിഞ്ഞ മാര്‍ച്ച് 20നു ഉച്ചകഴിഞ്ഞ് ഗുജറാത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ദേവഭൂമി ദ്വാരകയിലെ സലായാ എസ്സാര്‍ ജെട്ടിക്ക് സമീപമാണ് ആദ്യം പ്രാവിനെ കണ്ടത്. ജെട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിച്ചു വിടാന്‍ ശ്രമിച്ചിട്ടും പോകാതിരുന്നതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാലില്‍ ഘടിപ്പിച്ച ചിപ്പ് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പ്രാവിനെ പിടികൂടുകയായിരുന്നു. തുടര്‍ന്ന്, വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഗുജറാത്തിലെ പാക് അതിര്‍ത്തിയില്‍ കടുത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നതിനാലാണു ജെട്ടിയിലെ സുരക്ഷാ ഉദ്യോഗസ്ഥരും സംഭവത്തെ ഗൗരവമായികണ്ട് റിപ്പോര്‍ട്ട് ചെയ്തത്. മൈക്രോചിപ്പിന് പുറമെ മറുകാലില്‍ 28733 എന്ന കോഡ് രേഖപ്പെടുത്തിയ വളയവും കണ്ടെത്തിയിരുന്നു. പ്രാവിന്റെ ചിറകില്‍ റസൂല്‍ഉല്‍ അള്ള എന്നും രേഖപ്പെടുത്തിയിരുന്നു. ചിപ്പില്‍ ബെഞ്ചിങ് ഡ്യുവല്‍ എന്നും രേഖപ്പെടുത്തിയിരുന്നു

Top