കാശ്മീരിലും മോഡി തന്നെ നായകന്‍

ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി ജെ പിയുടെ ചുക്കാന്‍ പിടിക്കുക പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ. വിദേശ പര്യടനത്തിന് ശേഷം മടങ്ങിയെത്തുന്ന മോഡി ഉടന്‍ തന്നെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുമെന്നും പാര്‍ട്ടി അറിയിച്ചു. തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ സ്റ്റാര്‍ കാംപയിനറാണ് മോഡിയെന്നും പാര്‍ട്ടി അറിയിച്ചു.

അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം നവംബര്‍ ഇരുപത്തിയഞ്ചിനാണ് ആരംഭിക്കുക. ഡിസംബര്‍ ഇരുപത്തിമൂന്നിന് ഫലം പ്രഖ്യാപിക്കും. പ്രളയം ദുരന്തം വിതച്ച മേഖലകളിലെ ആറ് മുതല്‍ ഏഴ് തിരഞ്ഞെടുപ്പ് റാലികളില്‍ വരെ മോദി പങ്കെടുക്കുമെന്നാണ് ബി ജെ പിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ‘മോഡിയോടൊപ്പം നടക്കൂ, ബി ജെ പിയോടൊപ്പം ചേരൂ, ജമ്മു കാശ്മീരിന്റെ അവസ്ഥ മെച്ചപ്പെടുത്തൂ’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ബി ജെ പി ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

തിരഞ്ഞെടുപ്പില്‍ 87 സീറ്റുകളിലും തനിയെ മത്സരിക്കാനാണ് ബി ജെ പി തീരുമാനം. പാര്‍ട്ടിയുടെ കണക്കു കൂട്ടല്‍ പ്രകാരം 87 സീറ്റുകളില്‍ 44 സീറ്റ് വരെ നേടും. യുവജനങ്ങള്‍ മുഴുവന്‍ മോഡിയെ പിന്തുണക്കുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി.

Top