ആലപ്പുഴ : താലോലിക്കേണ്ട കരങ്ങളുടെ പീഡനത്തിനിരയായി മനസും ശരീരവും നഷ്ടപ്പെടുന്ന ബാല്യങ്ങള്‍ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പെരുകുന്നുതായി സംസ്ഥാന പൊലീസ് പുറത്തു വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ഏഴ് മാസത്തിനിടെ 13 ശൈശവ വിവാഹങ്ങളും, കുട്ടികളെ കൂട്ടിക്കൊടുത്ത എട്ട് കേസുകളും ദൈവത്തിന്റെ സ്വന്തം നാട്ടില്‍ രജിസ്റ്റര്‍ ചെയ്തു. ശിശുഹത്യയും ഭ്യൂണഹത്യയും ഉണ്ടായില്ലെന്ന് ആശ്വസിക്കുമ്പോഴും 23 കുരുന്നുകളാണ് സാക്ഷര കേരളത്തില്‍ കൊലചെയ്യപ്പെട്ടത്. മുതിര്‍ന്നവരുടെ ലൈംഗിക ദാഹത്തിനു മുന്നില്‍ 427 പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായി. 69 പേരെ തട്ടിക്കൊണ്ടുപോയി. ഉറ്റവരുടെ പീഡനത്തില്‍ മനംനൊന്ത് നാല് കുരുന്നുകള്‍ ജീവനൊടുക്കി.
മറ്റ് ക്രൂരകൃത്യങ്ങള്ക്കിരായ 791 ബാല്യങ്ങളടക്കം 1336 കേസുകളാണ് കഴിഞ്ഞ ജൂലൈ വരെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. കുട്ടികളെ പീഡിപ്പിച്ച കേസുകള്‍ അഞ്ച് വര്‍ഷത്തിനിടെ മൂന്നിരട്ടിയിലധികം വര്‍ധിച്ചെന്ന് വ്യക്തമാകുമ്പോഴും, കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത 1877 കേസുകളില്‍ പലതിലും തുടര്‍ നടപടികളുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.
കുട്ടികള്‍ക്കൊപ്പം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ശരാശരിയിലധികം വര്‍ധിച്ചെന്ന് ആഭ്യന്തര വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. വൃദ്ധകളടക്കം 790 പേര് ഈ വര്‍ഷം ബലാത്സംഗം ചെയ്യപ്പെട്ടു. 2760 വനിതകള്‍ വിവിധ ചൂഷണങ്ങള്‍ക്കിരയായി. 87 പേരെ തട്ടിക്കൊണ്ടുപോയി. 3019 പേര് ഭര്‍ത്തൃ പീഡനത്തിനിരയായി.സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട് 8674 കേസുകള്‍ ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തു.