കൂടംകുളം ആണവനിലയം ഡിസംബര്‍ ആദ്യവാരം മുതല്‍ പ്രവര്‍ത്തിക്കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി:ഡിസംബര്‍ ആദ്യ വാരത്തോടെ കൂടംകുളം ആണവ നിലയത്തിലെ രണ്ടാമത്തെ റിയാക്ടര്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് കേന്ദ്ര ആണവോര്‍ജ മന്ത്രി ജിതേന്ദ്ര സിങ്ങ് ലോക്‌സഭയില്‍ അറിയിച്ചു. ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം സെപ്തംബറിലാണ് പ്രവര്‍ത്തനം നിറുത്തി വച്ചത്.

പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നും റഷ്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ബാക്കിയുള്ള പണികള്‍കൂടി പുരോഗമിക്കുകയാണെന്നും ഡിസംബര്‍ ആദ്യവാരം തന്നെ ആണവോര്‍ജം ഉത്പാദിപ്പിച്ച് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി. ആയിരം മെഗാവാട്ടാണ് ആണവ റിയാക്ടറിന്റെ പരമാവധി ഉത്പാദനശേഷി. നിലവില്‍ 750 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നത്.

1988 നവംബര്‍ 20നാണ് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും മുന്‍ സോവിയറ്റ് പ്രസിഡന്റ് മിഖായില്‍ ഗോര്‍ബച്ചേവും കൂടംകുളം ആണവനിലയ പദ്ധതിയുടെ കരാറില്‍ ഒപ്പുവെച്ചത്. റഷ്യന്‍ സഹകരണത്തോടെയാണ് തിരുനെല്‍വേലി ജില്ലയിലുള്ള കൂടംകുളം ആണവനിലയം നിര്‍മിക്കപ്പെട്ടിരിക്കുന്നത്. ആണവോര്‍ജത്തിനുള്ള ആണവ ഇന്ധനവും റഷ്യ തന്നെയാണ് ലഭ്യമാക്കുന്നത്. രണ്ട് റിയാക്ടറുകളില്‍ നിന്നായുള്ള രണ്ടായിരം മെഗാവാട്ട് വൈദ്യുതിയില്‍ 925 മെഗാവാട്ടാണ് തമിഴ്‌നാടിന്റെ വിഹിതം. കര്‍ണ്ണാടകത്തിന് 442 , കേരളത്തിന് 266, പുതുച്ചേരിക്ക് 67 മെഗാവാട്ട് എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങള്‍ക്കുള്ള വൈദ്യുതിവിഹിതം.

Top