തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജി വെച്ച കെഎം മാണി ഔദ്യോഗികവസതിയായ പ്രശാന്തി ഒഴിഞ്ഞു. ഇപ്പോഴുള്ള സംശയങ്ങള്‍ ദൂരീകരിക്കപ്പെട്ട് കൂടുതല്‍ ഊര്‍ജ്ജസ്വലനായി തിരികെയെത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ആരോടും പരിഭവമില്ലെന്നും താനൊരു സഹൃദയനാണെന്നും മാണി പറഞ്ഞു.
പ്രശാന്തമായാണ് പ്രശാന്തിയില്‍ നിന്ന പോകുന്നത്. എല്ലാ സംശയങ്ങളും ദൂരീകരിച്ച് താന്‍ ഇവിടേക്ക് തന്നെ തിരിച്ചുവരും. ദൈവവചനത്തിലാണ് താന്‍ വിശ്വസിക്കുന്നത്. ദൈവം ചിലപ്പോള്‍ അല്പ നേരത്തേക്ക് ചിലരെ ദുര്‍ബലരാക്കും. എന്നാല്‍ പിന്നീട് അവരെ ശക്തരാക്കുകയും ചെയ്യുമെന്നും മാണി പറഞ്ഞു.
പാവപ്പെട്ടവര്‍ക്ക് എന്ത് കൊടുക്കാന്‍ കഴിഞ്ഞെന്ന് ആലോചിക്കുമ്പോള്‍ പൂര്‍ണ തൃപ്തിയാണുള്ളത്. ഒന്നേകാല്‍ ലക്ഷം പാവപ്പെട്ടവര്‍ക്ക് ഭൂമി നല്കി. പാവപ്പെട്ടവര്‍ക്ക് ചികിത്സാസഹായം നല്കാന് സാധിച്ചതാണ് ഏറ്റവും വലിയ കാര്യമായി കരുതുന്നതെന്നു മാണി വെളിപ്പെടുത്തി. ദൈവം കൂടെയുള്ളപ്പോള്‍ ഒന്നും ഭയപ്പെടാനില്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു.
മടങ്ങി വരുക തന്നെ ചെയ്യുമെന്ന് കെഎം മാണി ഉറപ്പിച്ച് പറഞ്ഞു. എല്ലാ സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും രാഷ്ട്രീയ കക്ഷികളോടും ജനങ്ങളോടും നന്ദി. എല്ലാ സഹായങ്ങളും പിന്തുണയും ജനങ്ങളില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ക്ക് നിസീമമായ നന്ദി പറയുന്നായും മാണി പറഞ്ഞു.