തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ അന്തര്‍ സംസ്ഥാന സര്‍വീസ് ശൃംഖല വ്യാപിപ്പിക്കുന്നു. പോണ്ടിച്ചേരി, ഗോവ, ആന്ധ്രതെലുങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്കാണു പുതിയ സര്‍വീസുകള്‍. ഇതു സംബന്ധിച്ച് അതതു സംസ്ഥാനങ്ങളിലെ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അണ്ടര്‍ ടേക്കിംഗുകളുമായി ചര്‍ച്ച നടത്തിയതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഗോവയിലെ കദംബ ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ലിമിറ്റഡുമായി സഹകരിച്ച് കോഴിക്കോടു നിന്നും പനാജിയിലേക്ക് സര്‍വീസ് നടത്തും. അതോടൊപ്പം കോഴിക്കോട് നിന്നും മംഗലാപുരം കാര്‍വാര്‍, ഗോവ, പൂന വഴി മുംബൈക്ക് സര്‍വീസ് നടത്തുന്നതിനു മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുമായി ധാരണയിലെത്തിയിട്ടുണ്ട്. ഈ സര്‍വീസ് ഗോവ വഴി നടത്തുന്നതിനുള്ള അനുവാദം കദംബ ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ലിമിറ്റഡും നല്‍കിയിട്ടുണ്ട്.
കൂടാതെ കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളില്‍ നിന്നും ഹൈദരാബാദ്, തിരുപ്പതി, പുട്ടപ്പര്‍ത്തി എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്താനും ആന്ധ്രാ തെലുങ്കാന സംസ്ഥാനങ്ങളുമായി ധാരണയായിട്ടുണ്ട്. കോട്ടയം ചെന്നൈ, തിരുവനന്തപുരം ചെന്നൈ, എറണാകുളം പോണ്ടിച്ചേരി സര്‍വീസുകള്‍ ആരംഭിക്കുന്നതിനും ധാരണയായിട്ടുണ്ട്. മള്‍ട്ടി ആക്സില്‍ ബസ്സുകളായിരിക്കും ഇതിനായി ഉപയോഗിക്കുക. 1520 പുതിയ ബസ്സുകള്‍ ഇതിനായി വാങ്ങും. ഓരോ സംസ്ഥാനങ്ങളിലും പ്രവേശിക്കുമ്പോള്‍ അവിടുത്തെ യാത്രാ നിരക്കായിരിക്കും ഈടാക്കുക. ഇതു സംബന്ധിച്ചു സംസ്ഥാനങ്ങളുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ട്. ഉത്സവ സീസണിലും അവധിക്കാലത്തും കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നതു സംബന്ധിച്ചും കരാറില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ പല അന്തര്‍ സംസ്ഥാന സര്‍വീസുകളും ലാഭത്തിലല്ല ഓടുന്നത്. ഇതു പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.കെഎസ്ആര്‍ടിസി എന്ന ചുരുക്കപേര് ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷനിലൂടെ കര്‍ണാടക ഉപയോഗിക്കുന്നതിനെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.