തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ നല്‍കുന്നതിന് പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കാന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഏപ്രില്‍ മുതല്‍ ഫണ്ട് രൂപികരിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉന്നതതലയോഗത്തിന് ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കി.
ഈ ഫണ്ടിലേയ്ക്ക് ഓരോമാസവും സര്‍ക്കാരും കെഎസ്ആര്‍ടിസിയും കൂടി 40 കോടി നല്‍കും. കെറ്റിടിഎഫ്‌സി വായ്പകള്‍ ദേശസാല്‍കൃത ബാങ്കുകളിലേയ്ക്ക് മാറ്റും. കെഎസ്ആര്‍ടിസിയില്‍ മുടങ്ങി കിടക്കുന്ന പെന്‍ഷന്‍ ഉടന്‍ നല്‍കും. ഇതില്‍ 15000 രൂപവരെ ഉളളവര്‍ക്ക് തുക ഉടന്‍ നല്‍കും. അതേസമയം 15,000തിന് മുകളില്‍ ഉള്ളവര്‍ക്ക് പെന്‍ഷന്‍ തുക ഗഡുക്കളായി നല്‍കുമെന്നും തിരുവഞ്ചൂര്‍ കെഎസ്ആര്‍ടിസിയില്‍ ലാഭകരമല്ലാത്ത 25 ശതമാനം സര്‍വ്വീസുകളും നിര്‍ത്തലാക്കാനും യോഗത്തില്‍ തീരുമാനമായി.
കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് സംവിധാനം കാര്യക്ഷമമാക്കാന്‍ 40 ശതമാനം നേരിട്ടുള്ള നിയമനം നടത്തും. കെഎസ്ആര്‍ടിസിയുടെ സമഗ്ര വികസനത്തെ കുറിച്ച് പഠിച്ച് മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ പുറത്തുനിന്നുള്ള ഒരു ഏജന്‍സിയെ ഏല്‍പ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചു.