കെജ്‌രിവാളിന്റെ പരമാധികാരത്തെ ചോദ്യം ചെയ്ത് പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ ശ്രമങ്ങള്‍ നടന്നതായി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ മാര്‍ച്ച് നാലിന് പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നത ഉണ്ടെങ്കില്‍ അത് പാര്‍ട്ടിക്കുള്ളില്‍ തന്നെ ചര്‍ച്ച ചെയ്യണം. പരസ്യമായിട്ടല്ല. ചില മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയെ അവമതിക്കാന്‍ കെജ്‌രിവാളിനെ ഉന്നം വെക്കുകയാണെങ്കില്‍ പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാനാവില്ലെന്നും സിംഗ് ചൂണ്ടിക്കാട്ടി. ആം ആദ്മി പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നതരൂക്ഷമാണെന്ന റിപ്പോര്‍ട്ടുകളെ മറ്റൊരു മുതിര്‍ന്ന നേതാവ് അശുതോഷ് അവഗണിച്ച് തള്ളി. ഇന്ന് ചേരുന്ന പാര്‍ട്ടി നിര്‍വാഹക സമിതിയോഗം നിര്‍ണായകമാകും.

കെജ്‌രിവാള്‍ പാര്‍ട്ടി കൈകാര്യം ചെയ്യുന്ന രീതിയില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന് യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും ട്വിറ്ററില്‍ കുറിച്ചു. ഫെബ്രുവരി 26ന് പാര്‍ട്ടിക്കയച്ച കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയതില്‍ പ്രശാന്ത് ഭൂഷണ്‍ ശക്തിയായി പ്രതിഷേധിച്ചു. ഏകവ്യക്തി നയിക്കുന്ന പാര്‍ട്ടിയായി എ എ പി മാറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ എല്ലാ അക്കൗണ്ടുകളും പബ്ലിക് വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കുമെന്ന് നാം പ്രഖ്യാപിച്ചെങ്കിലും അതുണ്ടായില്ല. ലഭിച്ച സംഭാവനയുടെ കണക്കുകള്‍ വെബ്‌സൈറ്റിലിട്ടു. പക്ഷെ ചെലവുകള്‍ വെളിപ്പെടുത്തിയില്ല. പാര്‍ട്ടിയുടെ നയരൂപവത്കരണത്തിനായി രണ്ട് വര്‍ഷം മുമ്പ് 30 അംഗ വിദഗ്ധ കമ്മിറ്റിയുണ്ടാക്കി. പക്ഷെ അത് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ല പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

Top