മോഡി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ റെയില്‍വേ ബജറ്റ് ഇന്ന്

ന്യൂഡല്‍ഹി: സുപ്രധാന പദ്ധതികളുമായി നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ആദ്യത്തെ പൂര്‍ണ റെയില്‍വേ ബജറ്റ് ഇന്നുച്ചയ്ക്ക് മന്ത്രി സുരേഷ് പ്രഭു ലോക്‌സഭയില്‍ അവതരിപ്പിക്കും.

റെയില്‍വേ ശുചിത്വം, സുരക്ഷ എന്നിവയ്ക്കു മുന്‍ഗണന നല്‍കുന്നതാകും ബജറ്റ്. തുടങ്ങിവച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് കൂടുതല്‍ പരിഗണനയുണ്ടാകും. സൗരോര്‍ജം, പ്രകൃതിവാതകം എന്നിവ റെയില്‍വേയില്‍ ഉപയോഗിക്കുന്നതിനുള്ള പദ്ധതികളും പ്രഖ്യാപിച്ചേക്കും. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ വിശദാംശങ്ങളും ഈ ബജറ്റില്‍ ഉണ്ടാകും.

കേരളം ഏറെ പ്രതീക്ഷയോടെയാണ് ബജറ്റിനെ ഉറ്റുനോക്കുന്നത്. കഴിഞ്ഞ വര്‍ഷം രണ്ട് മെമു സര്‍വ്വീസും രണ്ട് പ്രതിവാര എക്‌സ്പ്രസുകളുമാണ് ലഭിച്ചത്. ഇക്കുറി നാല് പുതിയ ട്രെയിനുകളും രണ്ട് മെമു സര്‍വീസുകളുമാണ് പ്രതീക്ഷിക്കുന്നത്.

യാത്രാക്കൂലിയും ചരക്കുകൂലിയും കൂട്ടുമെന്ന ആശങ്ക പരക്കെയുണ്ട്. റെയില്‍വേയില്‍ സ്വകാര്യ-വിദേശ പങ്കാളിത്തത്തോടെ കൂടുതല്‍ വികസനപദ്ധതികള്‍ നടപ്പാക്കാനുള്ള നിര്‍ദേശം ബജറ്റില്‍ പ്രതീക്ഷിക്കുന്നു. സ്വകാര്യമേഖലയ്ക്കു പുറമേ സംസ്ഥാനങ്ങള്‍ക്കും സംയുക്ത സംരംഭങ്ങള്‍ക്കും പദ്ധതിയുണ്ടാകും.

Top