കൈവെട്ട് കേസ് : 10 പ്രതികള്‍ക്കു എട്ടു വര്‍ഷം തടവും പിഴയും

കൊച്ചി: കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. ടിജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ശിക്ഷ വിധിച്ചു. 10 പ്രതികള്‍ക്കു എട്ടു വര്‍ഷം തടവും മൂന്നു പ്രതികള്‍ക്കു രണ്ടു വര്‍ഷം തടവുമാണു ശിക്ഷ. കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയുടേതാണു വിധി.

അധ്യാപകനു എട്ടുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു. തുക പ്രതികളില്‍ നിന്നും പിഴയായി ഈടാക്കണം 429 പേജുള്ള വിധി പ്രസ്താവമാണുണ്ടായിരിക്കുന്നത്.

കേസില്‍ 13 പ്രതികള്‍ കുറ്റക്കാരാണെന്നു കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പ്രതികളെ വിചാരണ ചെയ്തതില്‍ 18 പേരെ തെളിവില്ലാത്തതിനാല്‍ കോടതി വിട്ടയച്ചിരുന്നു.

കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്ത ശ്രീമൂലനഗരം കളപ്പുരയ്ക്കല്‍ വീട്ടില്‍ ജമാല്‍ (44), കോതമംഗലം വെണ്ടുവഴി താണിമോളേല്‍ വീട്ടില്‍ കെ.എം. മുഹമ്മദ് ഷോബിന്‍ (28), അറക്കപ്പടി വെങ്ങോല വാരിയത്തുമുറി വീട്ടില്‍ ഷംസുദീന്‍ (ഷംസു- 37), കോട്ടുവള്ളി വള്ളുവള്ളി പുന്നക്കല്‍ വീട്ടില്‍ ഷാനവാസ് (32), വാഴക്കുളം മനക്കമൂല കൈപ്പിള്ളി വീട്ടില്‍ കെ.എ. പരീത് (36), കുട്ടമംഗലം നെല്ലിമറ്റം വെള്ളിലാവുങ്കല്‍ വീട്ടില്‍ യൂനുസ് അലിയാര്‍ (34), ഇരമല്ലൂര്‍ പൂവത്തൂര്‍ ഭാഗത്ത് പരുത്തിക്കാട്ടുകുടി വീട്ടില്‍ ജാഫര്‍ (33), ഇരമല്ലൂര്‍ ചെറുവട്ടൂര്‍ കുരുമ്പാനംപാറ കുഴിതോട്ടില്‍ വീട്ടില്‍ കെ.കെ. അലി (34), കടുങ്ങല്ലൂര്‍ മുപ്പത്തടം എരമം അയ്യുരുകുടി വീട്ടില്‍ ഷെജീര്‍ (32), ആലുവ കുഞ്ഞുണ്ണിക്കര കാപ്പൂരില്‍ കെ.ഇ. കാസിം (47), എന്നിവര്‍ക്കാണു പത്തു വര്‍ഷം തടവു വിധിച്ചിരിക്കുന്നത്. ഇവര്‍ക്കെതിരെ യുഎപിഎ നിയമമനുസരിച്ചുള്ള കുറ്റമാണു ചുമത്തിയിരിക്കുന്നത്.

കടുങ്ങല്ലൂര്‍ ഉളിയന്നൂര്‍ കരിമ്പയില്‍ വീട്ടില്‍ അബ്ദുല്‍ ലത്തീഫ് (44), മുപ്പത്തടം ഏലൂക്കര തച്ചുവല്ലത്ത് ടി.എച്ച്. അന്‍വര്‍ സാദിഖ് (35), നെട്ടൂര്‍ മദ്രസപ്പറമ്പില്‍ റിയാസ് (33) എന്നിവര്‍ക്കാണു രണ്ടു വര്‍ഷം തടവു ശിക്ഷ വിധിച്ചത്. പ്രതികള്‍ ചെയ്ത കുറ്റം ഒരു കാരണവശാലും പൊറുക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. പ്രതികള്‍ക്കു ജീവപര്യന്തം ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്നു പ്രതിഭാഗം അഭിഭാഷകര്‍ പറഞ്ഞു

തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകനായിരുന്ന ടി.ജെ. ജോസഫ് ഇന്റേണല്‍ പരീക്ഷയ്ക്കായി തയാറാക്കിയ ചോദ്യപേപ്പറില്‍ മതനിന്ദാപരമായ പരാമര്‍ശം ഉണ്ടെന്നാരോപിച്ചായിരുന്നു കൈവെട്ടിയത്.

മൂവാറ്റുപുഴയില്‍ 2010 ജൂലൈ നാലിനു ഞായറാഴ്ച കുര്‍ബാന കഴിഞ്ഞു കാറില്‍ ഭാര്യക്കും സഹോദരിക്കുമൊപ്പം വീട്ടിലേക്കു മടങ്ങുമ്പോഴാണു വാനിലെത്തിയ ഏഴംഗ സംഘം ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്.

Top