തിരുവനന്തപുരം: പിണറായി വിജയന് മറുപടിയുമായി പന്ന്യന്‍ രവീന്ദ്രന് രംഗത്ത്. കോണ്‍ഗ്രസുമായി ബന്ധമുണ്ടാക്കാന്‍ ആദ്യം ശ്രമിച്ചത് സിപിഎമ്മാണെന്നും കോണ്‍ഗ്രസുമായി ബന്ധമുണ്ടാക്കുന്നതിന് ആരും മോശക്കാരല്ലെന്നും പന്ന്യന്‍ പറഞ്ഞു. കോണ്‍ഗ്രസ് ബന്ധം പറഞ്ഞ് വിരട്ടാന്‍ നോക്കരുത്. സിപിഐ- കോണ്‍ഗ്രസ് ബന്ധം പഴയ കഥയാണ്. തെരുവ് പ്രസംഗം എന്ന പിണറായിയുടെ പരാമര്‍ശം അഭിമാനമായി കാണുന്നു. എ.കെ.ജി.യും എം.എന്നുമൊക്കെ തെരുവില്‍ പ്രസംഗിച്ചാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്തിയത്. തൊഴിലാളിയായാണ് താന്‍ ഈ സ്ഥാനത്ത് എത്തിയതെന്നും പന്ന്യന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വിവാദത്തില്‍ പികെവിയുടെ പേര് വലിച്ചിഴച്ചത് ശരിയായില്ല. തെറ്റുപറ്റുന്നത് തിരുത്തുന്ന ശൈലിയാണ് സിപിഐയുടേത്. യുപിഎ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ സോമനാഥ് ചാറ്റര്‍ജി ശ്രമിച്ചത് മറക്കരുത്.
ബാര്‍ കോഴ വിവാദത്തില്‍ സി.പി.എമ്മിനകത്ത് മൂന്നു നിലപാടാണുള്ളത്. മാണിക്കെതിരായ സി.പി.ഐ സമരം വിജയകരമാണ്. ചരിത്രം മറച്ചുവച്ചാണ് പിണറായി വിജയന് സി.പിഐയെ വിമര്‍ശിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ പിണറായി തന്നെ കുറിച്ച് കടുത്ത വാക്കുകളൊന്നും ഉപയോഗിച്ചില്ല എന്നതില്‍ സന്തോഷമുണ്ടെന്നും പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു.
സി.പി.ഐ തെരുവില്‍ നടത്തിയ പ്രസംഗത്തില്‍ മാന്യമല്ലാത്ത ഒരു വാക്ക് പോലും ഉപയോഗിച്ചിട്ടില്ല. തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് വേണ്ടത്. അതിനുള്ള വേദി ഒരുക്കുകയാണ് വേണ്ടത്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ രോഷാകുലരാവരുത്. സി.പി.ഐ രോഷാകുലരാവാറില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒരുമിച്ച് പോരാടേണ്ടവരാണ്. ഒരുമിച്ച് അടികൊള്ളേണ്ടവരാണ്. ഒരുമിച്ച് ജയിലിലും പോകേണ്ടവരാണ്. അവര്‍ തമ്മില്‍ തര്‍ക്കമുണ്ടാവരുതെന്നും പന്ന്യന്‍ പറഞ്ഞു.