പത്തനംതിട്ട: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് എക്സൈസ് വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചു. മദ്യം, മയക്കുമരുന്ന് എന്നിവയുടെവില്പന വര്‍ധിക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് ജില്ലയില്‍ എക്സൈസ് പ്രത്യേക പരിശോധന ആരംഭിച്ചത്. പോലീസ്, വനം, റവന്യൂ എന്നീ വകുപ്പുകളുമായി സഹകരിച്ചാണ് പരിശോധന. മദ്യവിപണന കേന്ദ്രങ്ങളിലും വനപ്രദേശങ്ങളിലു റെയ്ഡ് ആരംഭിച്ചു. പത്തനംതിട്ട എക്സൈസ് ഡിവിഷന് ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നു. ജനുവരി ഏഴുവരെയുള്ള കാലയളവ് ജാഗ്രതാദിനങ്ങളായി ആചരിക്കും.
സംശയാസ്പദമായ സാഹചര്യങ്ങളില്‍ അടിയന്തരമായി ഇടപെടുന്നതിന് ദ്രുതകര്‍മസേനയെയും ഡപ്യൂട്ടി എക്സൈസ് ഡപ്യൂട്ടി കമ്മീഷണറുടെ പ്രത്യേക ഇന്റലിജന്‍സ് ടീമിനേയും സജ്ജമാക്കിയിട്ടുണ്ട്. രാത്രികാല വാഹനപരിശോധന കര്‍ശനമാക്കി. ജില്ലയിലെ പ്രധാന പാതകളെല്ലാം എക്സൈസിന്റെ പ്രത്യേക നിരീക്ഷണത്തിലാണ്. വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന പാന്‍മസാല, പാന്‍പരാഗ്, മറ്റ് ലഹരിവസ്തുക്കളുടെ വില്പന തടയുന്നതിനും നിര്‍ദേശം നല്കി.