ഗംഗാ ശുചീകരണം: 18 വര്‍ഷമെടുക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ നിശിത വിമര്‍ശത്തെ തുടര്‍ന്ന്, ഗംഗാ നദി ശുചീകരണത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രാഥമിക രൂപരേഖ സമര്‍പ്പിച്ചു. 18 വര്‍ഷം കൊണ്ട് ഗംഗ ശുദ്ധീകരിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് സുപ്രീം കോടതി മുമ്പാകെ സമര്‍പ്പിച്ചത്. ഇതിന് ആയിരക്കണക്കിന് കോടി രൂപ ചെലവ് വരും. ഗംഗാ നദിക്കരയിലെ 118 നഗരങ്ങള്‍ കേന്ദ്രീകരിച്ച് മലിനജലവും മാലിന്യവും കൈകാര്യം ചെയ്യലാണ് പ്രാഥമിക ഘട്ടം. മൂന്ന് വര്‍ഷം വരെയുള്ള ഹ്രസ്വ, അടുത്ത അഞ്ച് വര്‍ഷത്തെ ഇടത്തരം പത്ത് വര്‍ഷത്തെ ദീര്‍ഘകാലങ്ങളിലേക്കുള്ള ഘട്ടം ഘട്ടമായ ശുചീകരണ പദ്ധതിയാണ് സര്‍ക്കാറിനുള്ളതെന്ന് സുപ്രീം കോടതിയില്‍ കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. നദിക്കരയിലെ അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം നടന്നുകൊണ്ടിരിക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധിയാണ് ഇത്. 2500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഗംഗ ശുചിയാക്കാനുള്ള പദ്ധതികള്‍ നടപ്പാക്കാനുള്ള പ്രാഥമിക ഉത്തരവാദിത്വം ഈ സംസ്ഥാനങ്ങള്‍ക്കാണ്. മാലിന്യപൂരിതമായ 118 നഗരങ്ങള്‍ അടിയന്തരമായി ശുചിയാക്കാനാണ് പദ്ധതി. കേദാര്‍നാഥ്, ഹരിദ്വാര്‍, വാരാണസി, കാണ്‍പൂര്‍, അലഹബാദ്, പാറ്റ്‌ന, ഡല്‍ഹി എന്നീ ഏഴ് നദീമുഖങ്ങള്‍ അടിയന്തര പദ്ധതികളില്‍ ഉള്‍െപ്പടുത്താന്‍ ഭൂജല മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. നദിക്കരയിലെ 118 നഗരങ്ങളും 1649 ഗ്രാമങ്ങളും ശുചീകരിച്ച് മെച്ചപ്പെട്ട മാലിന്യനിവാരണ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ 51,000 കോടി രൂപ ചെലവാകുമെന്നാണ് കരുതുന്നത്. ഇത് ഇടക്കാല പദ്ധതിയിലാണ് ഉള്‍പ്പെടുത്തിയത്.

 

 

Top