ഗ്യാലക്‌സി എസ് 6 മോഡലുകളിലൂടെ വിപണി തിരിച്ച് പിടിച്ച് സാംസംഗ്

ഉയര്‍ന്ന ഫീച്ചറുകളുമായി കുറഞ്ഞ വിലയ്ക്ക് വിപണിയില്‍ എത്തി തരംഗം സൃഷ്ടിച്ച പുതിയ കമ്പനികളുടെ ബഡ്ജറ്റ് സ്മാര്‍ട് ഫോണുകള്‍ക്ക് മുന്നിലും ഐ ഫോണ്‍ സിക്‌സ് മോഡലുകള്‍ക്ക് മുന്നിലും അടിയറവ് പറഞ്ഞ് നഷ്ടത്തിലേക്ക് വീണ സാംസംഗ്, ഗ്യാലക്‌സി 6 മോഡലുകളിലൂടെ ലാഭ പാതയിലേക്ക് തിരിച്ചു വരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലോടെ മൊത്തം 60 ലക്ഷം ഗ്യാലക്‌സി എസ് 6 സീരീസ് സ്മാര്‍ട് ഫോണുകളാണ് സാംസംഗ് വിറ്റഴിച്ചത്.

ഇതോടെ, ഗ്യാലക്‌സി എസ് 6 ആഗോള വിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലുകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനം നേടി. ഗ്യാലക്‌സി എസ് 6 എഡ്ജ് നാലാം സ്ഥാനത്തുമെത്തി. ആപ്പിളിന്റെ ഐ ഫോണ്‍ 6 സീരീസ് ഫോണുകളാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്. ഈവര്‍ഷം ഏപ്രിലില്‍ സാംസംഗ് വിറ്റഴിച്ച മൊത്തം ഫോണുകളുടെ എണ്ണത്തില്‍ 21 ശതമാനവും ഗ്യാലക്‌സി എസ് 6 ആണ്. ചൈനീസ് കമ്പനിയായ സയോമിയുടെ റെഡ്മി 2 ആണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ളത്.

അതേസമയം, ആഗോള തലത്തില്‍ ഇപ്പോഴും ഏറ്റവുമധികം സ്മാര്‍ട് ഫോണുകള്‍ വിറ്റഴിക്കുന്ന കമ്പനി സാംസംഗ് തന്നെയാണ്. കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ സാസംഗ് 8.33 കോടി സ്മാര്‍ട് ഫോണുകള്‍ വിറ്റഴിച്ചു. ആപ്പിള്‍, ലെനോവോ മോട്ടോറോള, ഹോവേ, എല്‍.ജി എന്നിവയാണ് യഥാക്രമം പിന്നിലുള്ള കമ്പനികള്‍.

Top