തിരുവനന്തപുരം: ഘര്‍വാപസിയുടെ മറവില്‍ കൂട്ട മതപരിവര്‍ത്തനം നടത്തുമ്പോഴും കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് മുസ്ലീം ലീഗിനും കേരള കോണ്‍ഗ്രസിനും കടുത്ത വിയോജിപ്പ്.
മതപരിവര്‍ത്തനത്തെ ലാഘവത്തോടെയാണ് മുഖ്യമന്ത്രി കാണുന്നതെന്നതിന്റെ തെളിവാണ് പ്രസ്താവനയെന്നും സംഘപരിവാറിന്റെ കാര്യം വരുമ്പോള്‍ ഒരുതരം മൃദുസമീപനമാണ് അദ്ദേഹത്തിന്റേതെന്നും ഇതിനോടകംതന്നെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ആര്‍എസ്എസ് നേതാക്കള്‍ പ്രതികളായിരുന്ന പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസും പ്രവീണ്‍ തൊഗാഡിയക്കെതിരെ വിദ്വേഷ പ്രസംഗത്തിന് കോഴിക്കോട് സിറ്റി പൊലീസെടുത്ത കേസ് പിന്‍വലിച്ചതും ഇതിന് ഉദാഹരണമാണ്.
തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രം സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്സിംഗിന് കൊലക്കേസ് പ്രതിയായ ആര്‍എസ്എസ് നേതാവ് തലപ്പാവണിയിച്ച സംഭവത്തില്‍ ഒരന്വേഷണവും നടത്തിയില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സംഘപരിവാര്‍ സംഘടനകളുമായി മുഖ്യമന്ത്രിക്ക് രഹസ്യബന്ധമുണ്ടെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു.
മതപരിവര്‍ത്തനത്തോടുള്ള മുഖ്യമന്ത്രിയുടെ സമീപനത്തില്‍ ക്രൈസ്തവ സഭകള്‍ കടുത്ത ആശങ്കയിലാണ്. ആദ്യദിവസം മതപരിവര്‍ത്തനത്തെ കടുത്ത ഭാഷയില്‍ അപലപിച്ചിരുന്നെങ്കില്‍ വിഎച്ച്പി പുറകോട്ട് പോകുമായിരുന്നെന്ന് ഒരു ബിഷപ്പ് പ്രതികരിച്ചു. ഇക്കാര്യത്തില്‍ സഭയ്ക്കുള്ള എതിര്‍പ്പ് ഇതിനകം തന്നെ കെ.എം മാണിയെ ആറിയിച്ചിട്ടുണ്ട്.
മതപരിവര്‍ത്തന കാര്യത്തില്‍ ഹിന്ദുത്വ സംഘടനകളെ സഹായിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയുടെ ഒരു നേതാവ് വ്യക്തമാക്കി. പലപ്പോഴായി അദ്ദേഹം ഇത്തരം നിലപാടാണ് സ്വീകരിക്കുന്നതെന്നും ഒരു കോണ്‍ഗ്രസ് നേതാവില്‍ നിന്ന് പ്രതീക്ഷിക്കുന്നതല്ല ഇതെന്നും മുസ്ലീംലീഗുമായി അടുത്ത ബന്ധമുള്ള സമസ്തയുടെ യുവജന നേതാവും അഭിപ്രായപ്പെട്ടു.
അതേസമയം മുഖ്യമന്ത്രിയുടെ പ്രസ്താവന യുഡിഎഫിലെ പ്രമുഖ ഘടകകക്ഷികളായ മസ്ലീംലീഗിനേയും കേരള കോണ്‍ഗ്രസിനേയും ചൊടിപ്പിട്ടുണ്ട്. മദ്യനയം അട്ടിമറിക്കാന്‍ കൂട്ട് നിന്നെന്ന് പറഞ്ഞ് അണികള്‍ക്കിടയില്‍ ശക്തമായ എതിര്‍പ്പ് ലീഗിന് കൂനിന്മേല് കുരുവായിരിക്കുകയാണ്.
കേരള കോണ്‍ഗ്രസാകട്ടെ സഭയുടെ ചോദ്യത്തിന് മറുപടിപറയാനാകാതെ ഉഴലുകയാണ്. തങ്ങളുടെ എതിര്‍പ്പ് ഇരു സംഘടനകളും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. മദ്യനയത്തിന് പിന്നാലെ യുഡിഎഫിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രശ്നമായി ഇത് മാറിയേക്കുമോയെന്ന ആശങ്കയിലാണ് ചില നേതാക്കള്‍.