ചരിത്ര നേട്ടത്തോടെ ഓഹരി വിപണി; സെന്‍സെക്‌സ് 30,000 കടന്നു

മുംബൈ: ഓഹരി വിപണി ചരിത്ര നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. മുംബൈ സൂചികയായ സെന്‍സെക്‌സ് ആദ്യമായി 30,000 പോയിന്റ് പിന്നിട്ടു. ആര്‍ബിഐയുടെ അപ്രതീക്ഷിത നിരക്കുകുറയ്ക്കല്‍ ഓഹരി വിപണിക്ക് കരുത്ത് പകര്‍ന്നു. നിഫ്ടി ഇന്നലെ 9000 പോയിന്റിലെത്തിയിരുന്നു.

സെന്‍സെക്‌സ് 407.43 പോയിന്റ് ഉയര്‍ന്ന് 30001.16 എന്ന നിലവാരത്തിലെത്തി. നിഫ്ടിയില്‍ ഇന്ന് 112.90 പോയിന്റിന്റെ ഉയര്‍ച്ചയാണുണ്ടായത്. 9109.15ല്‍ എത്തി വ്യാപാരം നടക്കുകയാണ് ഇപ്പോള്‍.

സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന നടപടികളുടെ ഭാഗമായാണു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റീപ്പോ നിരക്കുകള്‍ കുറച്ചത്. ബാങ്ക്, മൂലധന സാമഗ്രി, റിയാല്‍റ്റി, ഓയില്‍ ആന്റ് ഗ്യാസ് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് മികച്ച നേട്ടത്തില്‍.

എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, മാരുതി തുടങ്ങിയവയാണ് മികച്ച നേട്ടത്തില്‍. ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, ഗെയില്‍, ബജാജ് ഓട്ടോ തുടങ്ങിയവ നഷ്ടത്തുമാണ് വ്യാപാരം നടക്കുന്നത്.

Top