ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റ് ഇന്ന് ആരംഭിക്കും

ഭുവനേശ്വര്‍: ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റിന് ഇന്ന് തുടക്കമാകും. ലോകകപ്പും ഒളിമ്പിക്‌സും കഴിഞ്ഞുള്ള ഏറ്റവും വലിയ ടൂര്‍ണമെന്റില്‍ കിരീടത്തിനായി ഇന്നുമുതല്‍ എട്ടു ടീമുകളാണ് മാറ്റുരയ്ക്കുന്നത്. പൂള്‍ എയില്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ബെല്‍ജിയം, പാക്കിസ്ഥാന്‍ ടീമുകളാണ്. പുള്‍ ബിയില്‍ നെതര്‍ലന്‍ഡ്‌സ്, അര്‍ജന്റീന, ജര്‍മനി, ഇന്ത്യ ടീമുകളുമാണ്.

ഇന്ന് ഉച്ചയ്ക്ക് 12 ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ലോക ചാമ്പ്യനും നിലവിലെ ചാമ്പ്യന്‍മാരുമായ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ നേരിടും. രണ്ടിനു നടക്കുന്ന രണ്ടാം മത്സരത്തില്‍ ബെല്‍ജിയം പാക്കിസ്ഥാനെയും വൈകുന്നേരം അഞ്ചരയ്ക്കു നടക്കുന്ന മൂന്നാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ് അര്‍ജന്റീനയെയും നേരിടും.

നാലാം മത്സരത്തില്‍ കരുത്തരായ ജര്‍മനിയാണ് ഇന്ത്യയുടെ എതിരാളികള്‍. രാത്രി ഏഴിനാണു മത്സരം. കഴിഞ്ഞ തവണ ഇന്ത്യ നാലാം സ്ഥാനത്തെത്തിയിരുന്നു. പരിശീലന മത്സരത്തില്‍ ഓസ്‌ട്രേലിയയെ എതിരില്ലാത്ത രണ്ടു ഗോളിനു പരാജയപ്പെടുത്തിയതിന്റെ ആവേശത്തിലാകും ഇന്ത്യ ജര്‍മനിയെ നേരിടാന്‍ ഇറങ്ങുന്നത്.

വേള്‍ഡ് ലീഗിലും ലോകകപ്പിലും തീര്‍ത്തും നിരാശപ്പെടുത്തിയ ഇന്ത്യ എന്നാല്‍, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ടാം സ്ഥാനത്തും ഏഷ്യന്‍ ഗെയിംസില്‍ ചാമ്പ്യന്‍മാരുമായി വന്‍ തിരിച്ചുവരവ് നടത്തുകയും ചെയ്തു. നായകന്‍ സര്‍ദാര്‍ സിംഗിന്റെ കീഴിലുള്ള ടീം ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പരമ്പരയില്‍ ലോകചാമ്പ്യന്‍മാരെ 3-1ന് തോല്‍പ്പിച്ചിരുന്നു. ഗോള്‍കീപ്പറും ഉപനായകനുമായ പി.ആര്‍. ശ്രീജേഷ് മികച്ച ഫോമിലുമാണ്. ശ്രീജേഷിന്റെ കരുത്തിലാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയതും.

പെനാല്‍റ്റി കോര്‍ണറുകള്‍ ഗോളാക്കാന്‍ കഴിയാത്തത് ഇന്ത്യയെ എപ്പോഴും വിഷമിപ്പിച്ചിരുന്ന കാര്യങ്ങളായിരുന്നു. എന്നാല്‍ ഇവിടേക്കു ഡ്രാഗ് ഫ്‌ളിക് വിദഗ്ധരായ വി.ആര്‍. രഘുനാഥും രൂപീന്ദര്‍ പാല്‍ സിംഗും എത്തിയതോടെ ഒരു പരിധിവരെ ആ ബുദ്ധിമുട്ടും കുറഞ്ഞു. എന്നാല്‍, മുഖ്യപരിശീലകന്‍ ടെറി വാല്‍ഷിന്റെ അഭാവം ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.

Top