തൃപ്പൂണിത്തുറ: ചരിത്രപ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴല്‍ ഇന്ന്. രാവിലെ 5.30നു ഓണംകുറ്റിച്ചിറയില് ആറാട്ട് ഇറക്കിപ്പൂജ എന്നിവ കഴിഞ്ഞ് ക്ഷേത്രത്തിലേക്കു മടങ്ങി വരുംവഴി ചോറ്റാനിക്ക എന്‍എസ്എസ് കരയോഗത്തിനു മുന്‍വശം പറകള്‍ സ്വീകരിക്കും. തുടര്‍ന്ന് ഏഴ് ഗജവീരന്മാര് അണിനിരക്കുന്ന മകം എഴുന്നള്ളിപ്പ് അതിനുശേഷം ക്ഷേത്രത്തിലെത്തി നട അടയ്ക്കുന്നു.
ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 8.30 വരെ മകം തൊഴല്‍. അതിനായി കൃത്യം രണ്ടിന് നടതുറക്കും. ഉച്ചയ്ക്ക് ശ്രീകോവിലില്‍ മുഴുവന്‍ നറുനെല്ല് കൊണ്ടുള്ള ദീപങ്ങളാണ് തെളിക്കുക. ശ്രീകോവിലിനു ചുറ്റും ഭക്തര്‍ കൊണ്ടുവരുന്ന പുഷ്പങ്ങള്‍ കൊണ്ടും ഹാരങ്ങള്കൊണ്ടും പ്രത്യേകം അലങ്കരിക്കും. വിശേഷ ദിവസങ്ങളില്‍ മാത്രം ഉപയോഗിക്കുന്ന സ്വര്‍ണ ഗോളകയും അപൂര്‍വ തിരുവാഭരണങ്ങളുമാണ് ഇന്നു ഭഗവതിയെ അണിയിക്കുക. ഭക്തര്‍ കൊണ്ടുവരുന്ന പട്ടുശീലകളും അണിയിക്കും.
ഉച്ചയ്ക്ക് രണ്ടിനു വില്വമംഗലത്തു സ്വാമിയാര്‍ക്കു ഭഗവതി വിശേഷാല്‍ ദര്‍ശനം നല്‍കിയതിന്റെ ഓര്‍മയ്ക്കായി ആ നേരത്തു ദര്‍ശന ഭാഗ്യമുണ്ടായാല്‍ സര്‍വാഭീഷ്ടങ്ങളും സാധിക്കുമെന്നാണു വിശ്വാസം.