ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍, ഝാര്‍ഖണ്ഡ് നിയമസഭകളിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന്. ജമ്മു കാശ്മീരിലെ പതിനഞ്ച് മണ്ഡലങ്ങളിലും ഝാര്‍ഖണ്ഡിലെ പതിമൂന്ന് മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. ലോക്‌സഭക്ക് പിന്നാലെ ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളിലുണ്ടായ വിജയം ഇരു സംസ്ഥാനങ്ങളിലും ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ബി ജെ പി രംഗത്തിറങ്ങിയിട്ടുള്ളത്. ഝാര്‍ഖണ്ഡില്‍ വീണ്ടും അധികാരത്തില്‍ എത്താമെന്ന വിശ്വാസത്തിലാണ് ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച. ചതുഷ്‌കോണ മത്സരത്തിനാണ് ജമ്മു കാശ്മീര്‍ വേദിയാകുന്നത്.
ജമ്മു കാശ്മീരില്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള നാഷനല്‍ കോണ്‍ഫറന്‍സിനും മുഖ്യ പ്രതിപക്ഷമായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിക്കും ഒപ്പം ബി ജെ പിയും കോണ്‍ഗ്രസും ചേരുമ്പോള്‍ മത്സരം കനക്കും. ഝാര്‍ഖണ്ഡില്‍ ആദ്യ ഘട്ടത്തില്‍ 199 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഗ്രാമവികസന മന്ത്രി കെ എന്‍ ത്രിപാഠി, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സുഖ്‌ദേവ് ഭഗത്, മുന്‍ മന്ത്രിയും ജെ ഡി യു സ്ഥാനാര്‍ഥിയുമായ സുധാ ചൗധരി തുടങ്ങിയവരാണ് ആദ്യ ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍. ഭരണകക്ഷിയായ ജെ എം എമ്മിന് വോട്ടെടുപ്പ് നടക്കുന്ന പതിമൂന്നിടങ്ങളിലും ഇതുവരെ അക്കൗണ്ട് തുറക്കാനായിട്ടില്ല. ജമ്മു, ലഡാക്, കാശ്മീര്‍ മേഖലകളിലായുള്ള പതിനഞ്ച് മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. ഇതില്‍ അഞ്ച് മണ്ഡലങ്ങള്‍ കാശ്മീര്‍ താഴ്‌വരയിലാണ്. ജമ്മു, ലഡാക് മേഖലകളില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ നേടാനാണ് ബി ജെ പി ശ്രമം. അഞ്ച് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്.