ജയലളിത ജയില്‍മോചിതയായി

ബാംഗ്ലൂര്‍: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ അറസ്റ്റിലായിരുന്ന തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിത ജയില്‍മോചിതയായി. ഇന്നലെയാണ് ജയലളിതയ്ക്ക് സുപ്രീംകോടതി ഉപാധികളോടെ ജാമ്യം നല്‍കിയത്. ജയയ്ക്ക് ചെന്നൈക്ക് പോകാന്‍ പ്രത്യേക വിമാനം വൈകിട്ട് ബംഗളുരു എച്ച്എഎല്‍ വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്.

ഉപാധികളോടെ ജാമ്യം അനുവദിച്ച സുപ്രീംകോടതി ബാംഗ്ലൂര്‍ കോടതിയുടെ ശിക്ഷാവിധി സ്‌റ്റേ ചെയ്തു. ജയലളിതയുടെ ഹര്‍ജിയില്‍ ആറു മാസത്തിനകം അപ്പീല്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കണമെന്നായിരുന്നു ജയലളിത ജാമ്യാപേക്ഷയില്‍ ആവശ്യപ്പെ ട്ടത്.

അതേസമയം, അക്രമസംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് ജയലളിത ഉറപ്പു നല്‍കണമെന്നും സുപ്രീംകോടതി പ്രസ്താവിച്ചു. നീതി ജയിച്ചെന്ന് ജയലളിതയുടെ അഭിഭാഷകന്‍ വിധിയോട് പ്രതികരിച്ചു. ചീഫ് ജസ്റ്റിസ് എച്ച്. എല്‍ ദത്തുവിന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് കേസ് പരിഗണിച്ചത്. ഈ മാസം 13 ന് പരിഗണിച്ച കേസ് 17ലേക്ക് മാറ്റുകയായിരുന്നു. ജയലളിതയ്ക്ക് പുറമെ, കേസിലെ കൂട്ടു പ്രതികളായ വളര്‍ത്തുപുത്രന്‍ സുധാകരന്‍, ശശികല, ഇളവരശി, എന്നിവര്‍ക്കും ജാമ്യം ലഭിച്ചു.

എ.ഐ.ഡി.എം.കെയുടെ 43ാം വാര്‍ഷിക ദിനത്തിലാണ് ജയലളിതയ്ക്ക് ജാമ്യം ലഭിച്ചത് എന്ന പ്രത്യേകതയുമുണ്ട്. 18 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ്, അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബാംഗ്ലൂരിലെ പ്രത്യേക വിചാരണകോടതി ജയലളിതയ്ക്ക് നാലു കൊല്ലം തടവും 100 കോടി രൂപ പിഴയും ശിക്ഷ വിധിച്ചത്. കൂട്ടു പ്രതികളെയും നാലു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. വിചാരണക്കോടതി വിധിക്കെതിരെ ജയലളിത കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചെങ്കിലും, കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

v

Top