ജാതിയെ പുകഴ്ത്തുന്ന ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താന്‍ തയ്യാറല്ലെന്ന് കമല്ഹാസന്. പുറത്തിറങ്ങിയ ‘പാപനാശം’ എന്ന ചിത്രത്തെപ്പറ്റി സംസാരിക്കവെയാണ് താരം ഇക്കാര്യം പറഞ്ഞത്.
‘ഞാനൊരു നിരീശ്വരവാദിയാണ്. എന്നാല്‍ പാപനാശം എന്ന ചിത്രത്തില്‍ ഞാന്‍ നെറ്റിയില്‍ ഭസ്മം അണിഞ്ഞിട്ടുണ്ട് എന്നത് സത്യമാണ്. പക്ഷെ സിനിമയും എന്റെ സ്വകാര്യ നിലപാടുകളും വ്യത്യസ്തമാണ്. എന്റെ വിശ്വാസങ്ങളെ സിനിമകളിലൂടെ ഞാന്‍ ഞെരിക്കാറില്ല. യാതൊരു കാരണവശാലും ജാതിയെ പുകഴ്ത്തുന്ന ഒരു ചിത്രത്തില്‍ ഞാന്‍ അഭിനയിക്കില്ല’ എന്നാണ് കമല്‍ പറഞ്ഞത്.
ദൃശ്യത്തിന്റെ തമിഴ് റീമേയ്ക്കായ പാപനാശത്തില്‍ താന്‍ അഭിനയിക്കാന്‍ തയ്യാറായത് ചിത്രത്തിന്റെ പ്രമേയത്തിനുള്ള കാലിക പ്രസക്തി കണക്കിലെടുത്താണെന്ന് കമല്‍ പറഞ്ഞു. ചിത്രത്തില്‍ തന്റെ ഭാര്യാ വേഷം അവതരിപ്പിക്കാന്‍ ഗൗതമിയെ താനല്ല തെരഞ്ഞെടുത്തതെന്നും സംവിധായകന് ജീത്തുവാണെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തില്‍ ഗൗതമി വേണണെന്ന് ജീത്തു പറഞ്ഞപ്പോള്‍ തനിക്ക് അക്കാര്യം ഗൗതമിയോട് പറയാന്‍ ആദ്യം കുറച്ച് ജാള്യത തോന്നിയിരുന്നു. എന്നാല്‍ ചിത്രം പൂര്‍ത്തിയാക്കിയ ശേഷം കണ്ടപ്പോള്‍ ആ വേഷം ഗൗതമിക്ക് അനുയോജ്യമാണെന്ന് ബോധ്യമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.