ജീവന്‍മരണ പോരാട്ടത്തില്‍ സിപിഎമ്മിന് ‘ആയുധങ്ങള്‍ കൈമാറിയത് ‘ ബിജു രമേശ്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലും നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫിനെ അടിക്കാന്‍ ‘വടി’ ഇടതുപക്ഷത്തിന് നല്‍കിയത് ബാറുടമ ബിജു രമേശ്.

ബാര്‍ കോഴയിലെയും ശാശ്വതീകാനന്ദ സ്വാമിയുടെ ദുരൂഹ മരണത്തിലെയും ബിജു രമേശിന്റെ വെളിപ്പെടുത്തലുകളാണ് ഇടതുപക്ഷത്തിന് യുഡിഎഫിനെയും, ബിജെപി- എസ്എന്‍ഡിപി യോഗം സഖ്യത്തിനെയും ആക്രമിക്കാന്‍ സഹായകമായത്.

ബിജു രമേശിന്റെ വാദമുഖങ്ങള്‍ ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമടക്കമുള്ള നേതാക്കള്‍ രംഗത്തു വന്നതോടെ ഇരുവിഭാഗവും പ്രതിരോധത്തിലായിരുന്നു.

ബാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാടാണ് ബിജു രമേശിനെ സര്‍ക്കാരിനെതിരെ തിരിച്ചത്. ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റായിരുന്ന ബിജു രമേശിന്റെ തുടക്കത്തിലെ ആരോപണങ്ങള്‍ ബാര്‍ ഓണേഴ്‌സ് അസോസിയേഷന്റെ തീരുമാന പ്രകാരമായിരുന്നെങ്കിലും മന്ത്രി മാണിക്കെതിരെ കോഴ ആരോപണം ഉന്നയിച്ചതോടെ ബാര്‍ ഓണേഴ്‌സ് അസോസിയേഷനിലെ പ്രബല വിഭാഗം ബിജു രമേശിനെ തള്ളി പറയുകയായിരുന്നു. എന്നാല്‍ തന്റെ കൈവശമുള്ള രേഖകളും സാക്ഷികളെയും ഹാജരാക്കാമെന്ന് ബിജു രമേശ് വ്യക്തമാക്കിയതോടെ വിഎസ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കുകയായിരുന്നു.

ഈ പരാതിയാണ് ഒടുവില്‍ മാണിയെ വിജിലന്‍സ് കേസില്‍ പ്രതിയാക്കുന്നതിലെത്തിച്ചത്. പിന്നീട് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ മാണിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും കോടതി അത് തള്ളി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ വന്ന ഈ കോടതി വിധിയെ അതിജീവിക്കാന്‍ വിഎസ് അച്യുതാനന്ദന്റെ മകനെ വിജിലന്‍സ് പ്രോസിക്യൂട്ട് ചെയ്യാന്‍ തീരുമാനിച്ചതാണ് യുഡിഎഫ് ആയുധമാക്കിയത്.

സിപിഎം വോട്ടുബാങ്കില്‍ വിള്ളലുകളുണ്ടാക്കി നേട്ടം കൊയ്യുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കുതിച്ച ബിജെപി-എസ്എന്‍ഡിപി യോഗം കൂട്ടുകെട്ടിന് ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ബിജു രമേശ് ഉയര്‍ത്തിയ വെളിപ്പെടുത്തലുകളും വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തിയത്.

ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്നും വെള്ളാപ്പള്ളി നടേശനും സ്വാമി സൂക്ഷ്മാനന്ദയ്ക്കും ഇതില്‍ പങ്കുണ്ടെന്നും തുഷാര്‍ വെള്ളാപ്പള്ളി ഗള്‍ഫില്‍ വച്ച് ശാശ്വതീകാനന്ദയെ മര്‍ദ്ദിച്ചെന്നുമായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍.

ഇക്കാര്യത്തിലും അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന് നല്‍കിയ കത്തില്‍ ആഭ്യന്തരമന്ത്രി ഇപ്പോള്‍ തുടരന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

ബാര്‍ കോഴ കേസും ശാശ്വതീകാനന്ദയുടെ മരണവും ഇടതുപക്ഷം ഏറ്റുപിടിച്ചതാണ് തിരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും ഹൈലൈറ്റ് ചെയ്യപ്പെട്ടത്.

എരിവ് പകരാന്‍ പിന്നീട് ബീഫ് വിവാദവും മൈക്രോ ഫിനാന്‍സ് അഴിമതിയും സാംസ്‌കാരിക പ്രവര്‍ത്തകരുടെ കൊലപാതകങ്ങളും ഹരിയാനയിലെ ദളിത് കുടുംബത്തെ ചുട്ടുകൊന്ന സംഭവവുമെല്ലാം എത്തിയതോടെ മുമ്പൊന്നും ഇല്ലാത്ത രൂപത്തിലുള്ള വീറും വാശിയും തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രകടമായിരുന്നു.

ആദ്യഘട്ട വോട്ടെടുപ്പു കഴിഞ്ഞപ്പോള്‍ എല്ലാ പാര്‍ട്ടികളും വിജയം അവകാശപ്പെടുന്നുണ്ടെങ്കിലും രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിച്ചതിന് ശേഷം മാത്രമേ ചിത്രം വ്യക്തമാവുകയുള്ളൂ.

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഇരുമുന്നണികള്‍ക്കും ബിജെപിക്കും വിജയം അനിവാര്യമാണ്.

Top