ഝാര്‍ഖണ്ഡില്‍ സാധ്യത ജയന്തിന്, കശ്മീരില്‍ മെഹ്ബൂബയ്ക്ക്

ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡില്‍ ആദ്യമായി ഒരു പാര്‍ട്ടി ഒറ്റയ്ക്ക് അധികാരത്തിലേറുമ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളി മുഖ്യമന്ത്രി സ്ഥാനം തന്നെയാണ്. വോട്ടെടുപ്പിനു മുന്‍പു അര്‍ജുന്‍ മുണ്ടയെയും മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയുടെ മകന്‍ ജയന്ത് സിന്‍ഹയെയുമാണു മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മുണ്ട പരാജയപ്പെട്ടതോടെ ജയന്ത് സിന്‍ഹ മുഖ്യമന്ത്രിയാകാനുള്ള സാധ്യത ശക്തമായി. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിക്കുമെന്നു പറയുമ്പോള്‍ തന്നെ ഝാര്‍ഖണ്ഡില്‍ സുസ്ഥിര സര്‍ക്കാര്‍ രൂപീകരിക്കുകയാണു ബിജെപിയുടെ ലക്ഷ്യമെന്നു യശ്വന്ത് സിന്‍ഹ നടത്തിയ പ്രസ്താവന ഇത് അടിവരയിടുന്നു.
ഝാര്‍ഖണ്ഡിന്റെ ചരിത്രത്തില്‍ ഇതേവരെ ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് 27 ശതമാനം വോട്ടുള്ള ഈ വിഭാഗത്തില്‍ നിന്നാവില്ല തങ്ങളുടെ മുഖ്യമന്ത്രിയെന്നു പ്രചാരണ കാലയളവില്‍ സൂചന നല്‍കിയിരുന്നു പാര്‍ട്ടി. ഇത് ആദിവാസി മേഖലയില്‍ ബിജെപിക്കു തിരിച്ചടിയുണ്ടാക്കി. എന്നാല്‍, ഭരണം ലഭിച്ച സാഹചര്യത്തില്‍ അനൗപചാരിക വാഗ്ദാനം നടപ്പാക്കാനാവും പാര്‍ട്ടി തീരുമാനം. അങ്ങനെയെങ്കില്‍ ജയന്ത് സിന്‍ഹയ്ക്കാണു സാധ്യത കല്‍പ്പിക്കുന്നത്.
ജമ്മു കശ്മീരില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ പുതിയ സഖ്യങ്ങള്‍ രൂപീകരിച്ച ശേഷമാകും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിക്കുക. ഏതായാലും പിഡിപി തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പാണ്.
മുഫ്തി മുഹമ്മദ് സയ്യിദാണു നേതാവെന്നു പറയുന്നുണ്ടെങ്കിലും മെഹ്ബൂബ മുഫ്തിയാകും പിഡിപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. അങ്ങനെയെങ്കില്‍ സംസ്ഥാനത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി ഇവര്‍ മാറും.

Top