ന്യൂഡല്‍ഹി: സാമ്പത്തിക തിരിമറി ആരോപണക്കേസില്‍ സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന്റെയും ഭര്‍ത്താവ് ജാവേദ് ആനന്ദിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഫെബ്രുവരി 13ന് കേസ് പരിഗണിച്ച സുപ്രീംകോടതി ബെഞ്ച് ടീസ്റ്റയെ അറസ്റ്റ് ചെയ്യുന്നത് 19 വരെ തടഞ്ഞിരുന്നു. അതേസമയം ടീസ്റ്റയുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു പുതിയ ബെഞ്ചിലേക്ക് മാറ്റി.
ജസ്റ്റീസുമാരായ എസ് ജെ മുഖ്യോപാധ്യായ എന്‍ വി രാമണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചിരുന്നത് ജസ്റ്റീസുമാരായ ദീപക് മിശ്ര, ആദര്‍ശ് കുമാര്‍ ഗോയല്‍ എന്നിവരാണ് പുതിയ ബെഞ്ചിലുള്ളത്.
2002ലെ വംശഹത്യയില്‍ എഴുപതോളംപേര്‍ കൊല്ലപ്പെട്ട അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ മ്യൂസിയം സ്ഥാപിക്കാന്‍ സമാഹരിച്ച തുക തിരിമറി നടത്തിയെന്ന ആരോപണമാണ് ടീസ്റ്റയ്ക്കെതിരെ ഗുജറാത്ത് പൊലീസ് ഉന്നയിക്കുന്നത്. ടീസ്റ്റയ്ക്കും ജാവേദിനും പുറമെ ഗുല്‍ബര്‍ഗ കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എംപി എഹ്സാന്‍ ജാഫ്രിയുടെ മകന് തന്‍വീര്‍ ജാഫ്രി, ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ താമസക്കാരനായ ഫിറോസ് ഗുല്‍സാര്‍ എന്നിവരെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.