ട്രെയിനില്‍ ബാഗില്‍ ഒളിപ്പിച്ച നിലയില്‍ ബോംബ് കണ്ടെത്തി

ഭോപ്പാല്‍: മധ്യപ്രദേശില്‍ ട്രെയിനില്‍ നിന്ന് ബോംബ് കണ്ടെത്തി. ജബല്‍പൂരില്‍ നിന്ന് ഹസ്രത് നിസാമുദ്ദീനിലേക്ക് പോകുകയായിരുന്ന ഗോണ്ട്വാന എക്‌സ്പ്രസില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്. ബാഗില്‍ ഒളിപ്പിച്ചുവെച്ച നിലയിലാണ് ബോംബ് കണ്ടെത്തിയത്.

ഉടമസ്ഥനില്ലാത്ത ബാഗ് കണ്ടതിനെത്തുടര്‍ന്ന് സംശയം തോന്നിയ യാത്രക്കാര്‍ ടിടിഇയെ വിവരം അറിയിക്കുകയും ഇതേതുടര്‍ന്ന് സിഹോറ സ്‌റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയ ശേഷം ബാഗ് പരിശോധിച്ചപ്പോള്‍ ബോംബ് കണ്ടെത്തുകയുമായിരുന്നു. പിന്നീട് ബോംബ് സ്‌ക്വാഡെത്തി ബോംബ് നിര്‍വീര്യമാക്കി.

സ്‌ഫോടക ശേഷി കുറഞ്ഞ ബോംബാണ് കണ്ടെത്തിയതെന്നും അന്വേഷണത്തിന്റെ ഭാഗമായി റയില്‍വേ സ്‌റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും ജബല്‍പൂര്‍ പോലീസ് സൂപ്രണ്ട് മിശ്ര പറഞ്ഞു.

Top