ന്യൂഡല്‍ഹി: ഡല്ഹിക്കാര് ശ്വസിക്കുന്നത് വലിയ തോതിലുള്ള വിഷ വായുവാണെന്ന് റിപ്പോര്‍ട്ട്. തലസ്ഥാനത്തെ വായു മലിനീകരണം കുത്തനെ ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭൂമിക്കടിയിലുള്ള മെട്രോ റെയില്‍ സംവിധാനം വലിയ തോതിലുള്ള മലിനീകരണത്തില്‍ നിന്ന് നഗരത്തെ സംരക്ഷിച്ചെന്നും സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് (സി എസ് ഇ) റിപ്പോര്‍ട്ടില്‍ പറയുന്നു. അന്തരീക്ഷ മലിനീകരണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതിനാല്‍ ഡല്‍ഹിയിലെ ജനങ്ങള്‍ ഉച്ഛ്വാസ വായുവിന് വളരെയധികം ബുദ്ധിമുട്ട് നേരിടുന്നു.
ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളിലൊന്നായി ഡല്‍ഹി മാറിയിരിക്കുന്നു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്കിയ റിപ്പോര്‍ട്ട് പ്രകാരം, വാഹനങ്ങള്‍ പുറന്തള്ളുന്ന മാലിന്യത്തിന്റെ തോത് ശരാശരിയേക്കാള്‍ രണ്ട് മുതല്‍ നാല് വരെ മടങ്ങ് കൂടുതലാണ്. ട്രാഫിക് പോലീസിനാണ് ഏറ്റവും കൂടുതല്‍ വിഷവായു ശ്വസിക്കേണ്ടി വരുന്നത്. ഓഫീസ് സമയങ്ങളില്‍ ഇത് എട്ട് മടങ്ങ് കൂടുതലുമാണ്. ഓട്ടോറിക്ഷകള്‍, മോട്ടോര്‍ സൈക്കിളുകള്‍ തുടങ്ങിയവാണ് വായു മലിനീകരണത്തില്‍ മുന്‍പന്തിയില്‍. ഓഫീസ് സമയമല്ലാത്തപ്പോള്‍ എല്ലാ വാഹനങ്ങളും വളരെ താഴ്ന്ന നിലയാണ് കാണിക്കുന്നത്. ഓഫീസ് സമയങ്ങളില്‍ ഓട്ടോകളുടെത് 1.3 മടങ്ങും ബസുകളുടെത് 2.5 മടങ്ങും അധികമാണ്.