ഡല്‍ഹിയില്‍ വെള്ളക്കരം 10 ശതമാനം വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി : ദിവസവും 700 ലീറ്റര്‍ വെള്ളം സൗജന്യമാക്കിയതിനു പിന്നാലെ ഡല്‍ഹിയില്‍ വെള്ളക്കരം കൂട്ടാന്‍ തീരുമാനം. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ഡല്‍ഹി ജലബോര്‍ഡ് യോഗത്തിലാണ് തീരുമാനം. മാസം 20,000 ലീറ്ററിലധികം വെള്ളം ഉപയോഗിക്കുന്നവര്‍ക്കാണ് പുതിയ നിരക്കുവര്‍ധന ബാധകമാവുക. 20,000 ലീറ്ററിന് താഴെ ഉപയോഗിക്കുന്നവരെ ഇത് ബാധിക്കില്ല.

ജലബോര്‍ഡിന് കൂടുതല്‍ ധനസമാഹരണം നടത്തുന്നതിനു വേണ്ടിയുള്ളതാണ് ഇപ്പോഴത്തെ നിരക്കു വര്‍ധനയെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. മാര്‍ച്ച് ഒന്നു മുതല്‍ 20,000 ലീറ്റര്‍ വരെ വെള്ളം സൗജന്യമായി വിതരണം ചെയ്യുന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് ഡല്‍ഹി ജലബോര്‍ഡ് യോഗം ഔദ്യോഗികമായി അംഗീകാരം നല്‍കി. ഇതു പരിഗണിച്ച ശേഷമാണ് 20,000 ലീറ്ററില്‍ കൂടുതല്‍ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് പത്തു ശതമാനം നിരക്കു കൂട്ടാനുള്ള തീരുമാനം. ഇതോടെ, ജലവിനിയോഗത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ നഗരവാസികള്‍ നിര്‍ബന്ധിതരാവും.

Top