ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ തള്ളിപ്പറഞ്ഞ ഡല്‍ഹി ജുമാ മസ്ജിദ് ഷാമി ഇമാമിനെ പാകിസ്ഥാനിലേക്ക് അയയ്ക്കണമെന്ന് ബിജെപി നേതാവ് യോഗി ആദിത്യാനാഥ്. ഇമാമിനെ രാജ്യ ദ്രോഹിയെന്നും അദ്ദേഹം വിളിച്ചു. മകനെ പിന്‍തുടര്‍ച്ചാവകാശിയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്നും മോഡിയെ ഒഴിവാക്കിയ ഇമാമിന്റെ നടപടിയോടായിരുന്നു പ്രതികരണം.
പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ചടങ്ങിലേക്ക് ക്ഷണിക്കുകയും മോഡിയെ ഇമാം ഒഴിവാക്കുകയുമായിരുന്നു. ഇന്ത്യയിലെ മുസഌങ്ങളുടെ മനസ്സില്‍ കയറിപ്പറ്റാന്‍ നരേന്ദ്രമോഡിക്ക് കഴിഞ്ഞിട്ടില്ലെന്നും ഇമാം പറഞ്ഞിരുന്നു. പാക് പ്രധാനമന്ത്രിയുമായി നല്ല രസതന്ത്രമുള്ള തനിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും താല്‍പ്പര്യമില്ലെന്നുമായിരുന്നു പറഞ്ഞത്.
നവംബര്‍ 22 ന് നടക്കുന്ന ചടങ്ങില്‍ നിന്നും ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ മോഡിയെ ഒഴിവാക്കിയതിലൂടെ ഇമാം വിളിച്ചു വരുത്തിയത് ശക്തമായ വിമര്‍ശനമായിരുന്നു. അതേസമയം ബിജെപി നേതാക്കളായ രാജ്‌നാഥ് സിംഗ്, ഹര്‍ഷ വര്‍ധന്‍, വിജയ് ഗോയല്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ്, കോണ്‍ഗ്രസ് നേതാക്കളായ സോണിയ, രാഹുല്‍ എന്നിവരെയെല്ലാം ക്ഷണിച്ചിട്ടുണ്ട്.