തിരുവനന്തപുരം: കേരള രാജ്യാന്തരചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി എത്തുന്നത് ഇസ്രായേലില്‍ നിന്നുളള ഡാന്‍സിംഗ് അറബ്‌സ്. ഇറാന്‍ റിക്ലിംഗ്‌സ് സംവിധാനം ചെയ്ത ചിത്രം നിരവധി രാജ്യാന്തര ചലച്ചിത്രമേളകളില്‍ പുരസ്‌കാരങ്ങള്‍ നേടിയട്ടുണ്ട്. ചിത്രത്തില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച തൗഫിക് ബറോം ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയാകും.
ഇസ്രായേലിനുള്ളില്‍ തന്റേതായ ഇടം തേടുന്ന യുവാവിന്റെ കഥപറയുകയാണ് ചിത്രം. 105 മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രം അവിടത്തെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലങ്ങളുടെ ശക്തമായ വിലയിരുത്തലും കൂടിയാണ്. 1980-90 കളിലെ ഇസ്രായേലാണ് സിനിമയുടെ പശ്ചാത്തലത്തില്‍. സെയ്ദ് കശുവായുടെ ഡാന്‍സിങ് അറബ്‌സ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്. 12ന് വൈകീട്ട് മേളയുടെ ഉദ്ഘാടന പരിപാടികള്‍ക്ക് ശേഷം നിശാഗന്ധിയിലെ ഓപ്പണ്‍ തിയേറ്ററിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.
ഡിസംബര്‍ 12 മുതല്‍ 19 വരെയാണ് ചലചിത്രമേള തിരുവനന്തപുരത്ത് അരങ്ങേറുന്നത്. 140 ചിത്രങ്ങളാണ് ആസ്വാദകരെ തേടി ചലച്ചിത്രമേളയിലെത്തുന്നത്.കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന ആകര്‍ഷക ഇനമായ മത്സരവിഭാഗത്തില്‍ നാല് ഇന്ത്യന്‍ ചിത്രങ്ങളും വിദേശഭാഷാ ചിത്രങ്ങളും ഉള്‍പ്പെടെ 14 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.