പി.സി ജോര്‍ജിനെ തള്ളി ചെന്നിത്തല; ഡിജിപിയില്‍ പൂര്‍ണ വിശ്വാസം

തിരുവനന്തപുരം: ഡി.ജി.പി കെ.എസ്.ബാലസുബ്രഹ്മണ്യത്തില്‍ സര്‍ക്കാരിന് പൂര്‍ണ വിശ്വാസമുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ബാലസുബ്രഹ്മണ്യം ഇടപെട്ടിട്ടില്ല. തെളിവ് നല്‍കിയാല്‍ അന്വേഷിക്കാന്‍ തയ്യാറാമെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നിസാമിനെ രക്ഷിക്കാന്‍ ഡിജിപി കെ.എസ്.ബാലസുബ്രഹ്മണ്യം ശ്രമിച്ചുവെന്ന ചീഫ് വിപ്പ് പി.സി.ജോര്‍ജിന്റെ ആരോപണം തള്ളിക്കൊണ്ടായിരുന്നു ചെന്നിത്തല ഇങ്ങനെ പറഞ്ഞത്.
തൃശൂര്‍ മുന്‍ സിറ്റി പൊലീസ് കമ്മീഷണറായിരുന്ന ജേക്കബ് ജോബിനെ സസ്‌പെന്‍ഡ് ചെയ്തത് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തികരിച്ചാണ്. ആരോപണങ്ങള്‍ ഇതുവരെ കേള്‍ക്കാത്തയാളാണ് ഡിജിപിയെന്നും അദ്ദേഹം ഈ കേസില്‍ ഇടപെട്ടുവെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേസില്‍ പൊലീസ് നിസാമിനെ സംരക്ഷിക്കുന്നു എന്നയാരോപണം തെറ്റാണ്. നിസാമിന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ വേണ്ട എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. മാധ്യമങ്ങള്‍ കേസുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും വസ്തുതകള്‍ പരിശോധിക്കാന്‍ മാധ്യമങ്ങള്‍ തയാറാകണണെന്നും മന്ത്രി പറഞ്ഞു.

Top