തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആര്‍.എസ്.പിയിലെ കോവൂര്‍ കുഞ്ഞുമോന് തന്നെ നല്‍കിയേക്കും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി നേരത്തെ ആര്‍.എസ്.പി നേതൃത്വത്തിന് നല്‍കിയ ഉറപ്പ് പാലിക്കുമെന്നാണ് ലഭിക്കുന്ന സൂചന.
നിര്‍ണ്ണായക ഘട്ടത്തില്‍ അരുവിക്കരയിലടക്കം യു.ഡി.എഫിനെ ആത്മാര്‍ത്ഥമായി സഹായിച്ച ആര്‍.എസ്.പിക്ക്, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കണമെന്ന ഉറച്ച നിലപാടിലാണ് മുഖ്യമന്ത്രി.
‘എ’ വിഭാഗം പാലോട് രവിക്ക് വേണ്ടിയും ‘ഐ’ വിഭാഗം കെ.മുരളീധരന് വേണ്ടിയും നിലപാട് കടുപ്പിച്ച സാഹചര്യത്തില്‍ പാര്‍ട്ടിയിലെ ചേരിതിരിവ് ഒഴിവാക്കാന്‍കൂടി ലക്ഷ്യമിട്ടാണ് ആര്‍.എസ്.പിക്ക് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കുന്നത്.
മുസ്ലീംലീഗ്, കേരള കോണ്‍ഗ്രസ് തുടങ്ങിയ ഘടക കക്ഷികള്‍ക്കും ഇതേ നിലപാടാണ് ഉള്ളത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും പിന്നാലെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും മുന്നില്‍കണ്ട് മുന്നണി കെട്ടുറപ്പ് ശക്തിപ്പെടുത്താന്‍ ആര്‍.എസ്.പിക്ക് സ്ഥാനം നല്‍കണമെന്ന കാഴ്ചപ്പാടാണ് ഘടക കക്ഷികള്‍ക്കുള്ളത്.
ഇതു സംബന്ധമായി കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനുമായി കൂടികാഴ്ച നടത്തി മുഖ്യമന്ത്രി അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് അറിയുന്നത്. ഈ നിയമസഭാ സമ്മേളനം അവസാനിക്കുന്നതിന് മുന്‍പ് ഡെപ്യൂട്ടി സ്പീക്കര്‍ സത്യപ്രതിജ്ഞ നടക്കണമെന്ന നിലപാടാണ് ആര്‍.എസ്.പിക്കുള്ളത്.
ഒരു എം.എല്‍.എയുള്ള കേരള കോണ്‍ഗ്രസ്സ് (ജേക്കബ്) വിഭാഗത്തിനും രണ്ട് എം.എല്‍.എമാരുള്ള ജനതാദളിനും മന്ത്രിസ്ഥാനം നല്‍കിയ സ്ഥിതിക്ക് മൂന്ന് എം.എല്‍.എമാരും ഒരു എം.പിയുമുള്ള ആര്‍.എസ്.പിക്ക് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം അവകാശപ്പെട്ടതാണെന്ന നിലപാടിലാണ് പാര്‍ട്ടി നേതൃത്വം.
ഇടത് മുന്നണി വിട്ട് ആര്‍.എസ്.പി, യു.ഡി.എഫിലേക്ക് വന്നപ്പോള്‍ ഗണേഷ് കുമാറിന്റെ ഒഴിവില്‍ ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസിന് മന്ത്രിസ്ഥാനം യു.ഡി.എഫ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്ന് അത് നടപ്പായിരുന്നില്ല.
ഈ സാഹചര്യം കൂടി പരിഗണിച്ചാണ് മുഖ്യമന്ത്രി ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനമെങ്കിലും ആര്‍.എസ്.പിക്ക് നല്‍കണമെന്ന് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.