ക്രിമിനല്‍ കേസിലെ പ്രതിയെ ക്രൈംബ്രാഞ്ച് ഐ.ജിയാക്കിയ പോലീസ് മാര്‍ഗ്ഗനിര്‍ദ്ദേശം !

തിരുവനന്തപുരം: ക്രൈം കേസുകളില്‍ പ്രതിയാക്കപ്പെട്ടവരെയും അഴിമതി ആരോപണത്തിന്റെ നിഴലില്‍ നില്‍ക്കുന്നവരെയും വിജിലന്‍സ് – ക്രൈംബ്രാഞ്ച് ഉള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ തസ്തികകളില്‍ നിയമിക്കില്ലെന്ന ആഭ്യന്തരവകുപ്പിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ആഭ്യന്തര വകുപ്പ് തന്നെ ലംഘിച്ചു.

ക്രിമിനല്‍ – വിജിലന്‍സ് കേസുകളില്‍ പ്രതിയായ ഐ.ജി. ശ്രീജിത്തിനെ ക്രൈംബ്രാഞ്ചില്‍ നിയമിച്ച് ഉത്തരവിറക്കിയതിന്റെ മഷി ഉണങ്ങും മുന്‍പാണ് സംസ്ഥാന പോലീസിന് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം ആഭ്യന്തരവകുപ്പ് സെക്രട്ടറി നളിനി നേറ്റോ പുറപ്പെടുവിച്ചത്.

പുതിയ ഉത്തരവ് പ്രകാരം പ്രത്യേക വിഭാഗങ്ങളില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥര്‍ സേനയിലേക്ക് എത്രയും പെട്ടെന്ന് മടങ്ങണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷനില്‍ ഐ.ജി. ആയിരുന്ന ശ്രീജിത്തിനെ അവിടെ നിയമിച്ചിട്ട് രണ്ട് വര്‍ഷം പോലും തികഞ്ഞട്ടില്ല

ഇത്തരമൊരു ഉത്തരവ് പുറത്തിറക്കുമെന്ന് അറിയാമായിരുന്നിട്ടും ധൃതിപ്പെട്ട് ശ്രീജിത്തിനെ എന്തിനുവേണ്ടിയാണ് ക്രൈംബ്രാഞ്ചില്‍ നിയമിച്ചതെന്ന ചോദ്യം പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്.

ആഭ്യന്തര വകുപ്പിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം ശ്രീജിത്തിനെ ക്രൈംബ്രാഞ്ചില്‍ നിലനിര്‍ത്തി മറ്റ് ഉദ്യോഗസ്ഥരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ കോടതിയെ സമീപിക്കാനും അണിയറയില്‍ ആലോചനയുണ്ട്.

നിയമത്തിന്റെയും നീതിയുടെയും കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത ഡി.ജി.പി സെന്‍കുമാര്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് സേനയ്ക്കകത്ത് നിന്നുതന്നെ ഇപ്പോള്‍ ഉയരുന്നത്.

ക്രിമിനല്‍- വിജിലന്‍സ് കേസുകളില്‍പ്പെട്ടും മറ്റും നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹമായ പ്രൊമോഷന്‍പോലും തടഞ്ഞുവച്ച ആഭ്യന്തരവകുപ്പ്, ക്രൈംബ്രാഞ്ച് മേധാവി കുറ്റക്കാരനാണെന്ന് കണ്ട് റിപ്പോര്‍ട്ട് നല്‍കിയിട്ടും ശ്രീജിത്തിന് ഉദ്യോഗക്കയറ്റം നല്‍കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് നല്‍കിയ പരാതി ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുമാണ്.

ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമല്ലാതെയാണ് വിജിലന്‍സ് – ക്രിമിനല്‍ കേസുകളില്‍ ശ്രീജിത്ത് പ്രതിയായിട്ടുള്ളത് എന്നത് ഈ കേസുകളുടെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്.

തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ശ്രീജിത്തിന്റെ ആശ്രിതനായിരുന്ന രമേശന്‍ നമ്പ്യാര്‍ നല്‍കിയ കേസിലും (എ.ഫ്.ഐ.ആര്‍ നം. 6/2010) എറണാകുളം ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് (1) കോടതിയില്‍ പി.വി വിജു നല്‍കിയ പരാതിയിലുമാണ് (സി.സി.നം. 695/2008) ശ്രീജിത്തിനെതിരെ നിലവില്‍ കേസുള്ളത്. വിജുവിന്റെ പരാതിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശ്രീജിത്തിനെ കൊണ്ട് കോടതി ചിലവ് ഇനത്തില്‍ 25,000 രൂപയും അടപ്പിച്ചിരുന്നു.

മറ്റൊരാളുടെ സിം കാര്‍ഡ് നിയമവിരുദ്ധ പ്രവര്‍ത്തിക്ക് വേണ്ടി ശ്രീജിത്ത് ഉപയോഗിച്ചു എന്ന് ചൂണ്ടിക്കാട്ടി ഡി.ജി.പി ക്ക് വേണ്ടി പോലീസ് ആസ്ഥാനത്തെ എ.ഐ.ജിയും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. വിവാദ വ്യവസായിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ ശ്രീജിത്തിനെ സസ്‌പെന്റ് ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്.

ശ്രീജിത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് പൊതുപ്രവര്‍ത്തകനും വി.എസ് അച്യുതാനന്ദന്റെ മുന്‍ ആഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.എം.ഷാജഹാന്‍ അറിയിച്ചു.

Top