കോട്ടയം: ജനപക്ഷയാത്രയ്ക്കിടെ ആപ്പിള്‍ ട്രീ ചിട്ടി തട്ടിപ്പ് കേസിലെ പ്രതി കെ.ജെ.ജെയിംസ് വേദിയിലെത്തിയതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. ഇയാള്‍ എങ്ങനെ വേദിയില്‍ വന്നുവെന്നതിനെക്കുറിച്ച് കോട്ടയത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബാബു പ്രസാദിനോട് അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും സുധീരന്‍ പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുധീരന്‍ നയിക്കുന്ന ജനപക്ഷ യാത്ര കോട്ടയം ജില്ലയിലെ ചങ്ങനാശേരിയില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് കേസ് പ്രതി സുധീരനൊപ്പം വേദിയിലെത്തിയത്. താന്‍ ഈ വിവരം അറിഞ്ഞിരുന്നില്ലെന്നും ഇയാള്‍ ഹാരമണിയിക്കാന്‍ വന്നപ്പോള്‍ താന്‍ തടഞ്ഞിരുന്നുവെന്നും സുധീരന്‍ പറഞ്ഞു.