തദ്ദേശത്തില്‍ തിരിച്ചടി നേരിട്ടാല്‍ അസംബ്ലി തിരഞ്ഞെടുപ്പിന് മുമ്പ് സര്‍ക്കാര്‍ താഴെ വീഴും

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടി നേരിട്ടാല്‍ ജനതാദള്‍ (യു) മുന്നണിവിടും.

ഇതുസംബന്ധമായ വ്യക്തമായ സൂചന ഇതിനകം തന്നെ സിപിഎം നേതൃത്വത്തിന് പാര്‍ട്ടി നേതൃത്വം നല്‍കിയതായാണ് അറിയുന്നത്.

ആര്‍എസ്പിയിലെ പ്രബല വിഭാഗവും തദ്ദേശ തിഞ്ഞെടുപ്പ് വിധിക്കായി കാത്തിരിക്കുകയാണ്.

ഇടതുമുന്നണിയിലേക്ക് മടങ്ങണമെന്ന അഭിപ്രായം ആര്‍എസ്പി നേതൃത്വത്തിലും ശക്തമാണ്. പിണറായി വിജയന്റെ വിവാദ പരാമര്‍ശം ഉയര്‍ത്തിപ്പിടിച്ച് ഇനിയും യുഡിഎഫ് പാളയത്തില്‍ തുടര്‍ന്നാല്‍ പാര്‍ട്ടിയുടെ അസ്ഥിത്വം തന്നെ ചോദ്യം ചെയ്യപ്പെടുമെന്ന ആശങ്ക അണികള്‍ക്കിടയിലുമുണ്ട്.

ആര്‍എസ്എസ് -ബിജെപി കൂട്ടുകെട്ടുണ്ടാക്കി രാഷ്ട്രീയ ശക്തിയാകുവാനുള്ള വെള്ളാപ്പള്ളിയുടെ നീക്കത്തിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശക്തമായ നിലപാടെടുക്കാത്തത് ഇടതുപക്ഷ പാര്‍ട്ടിയായ ആര്‍എസ്പിയെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.

സോഷ്യലിസ്റ്റ് ആശയങ്ങള്‍ മുറുകെ പിടിക്കുന്ന മതേതര പാര്‍ട്ടിയായ ജനതാദള്‍ (യു)വിനെ ചൊടിപ്പിക്കുന്നതും ഈ സമീപനം തന്നെയാണ്.

വി.എസ് വീണ്ടും പൂര്‍വ്വാധികം ശക്തിയോടെ ഇടതുപക്ഷത്തിന്റെ തേരാളിയായതും മടക്കയാത്രയെക്കുറിച്ച് ആലോചിക്കാന്‍ ഇരുവിഭാഗത്തെയും പ്രേരിപ്പിച്ചിട്ടുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പ് വിധി യുഡിഎഫിന് പ്രതികൂലമായാല്‍ അസംബ്ലിതിരഞ്ഞെടുപ്പിന് മുമ്പുതന്നെ മന്ത്രിസഭയില്‍ നിന്ന് രാജിവച്ച് യുഡിഎഫിനോട് ജനതാദള്‍ (യു) ഗുഡ് ബൈ പറയും.

ആര്‍എസ്പിയുടെ മന്ത്രിസഭയിലെ പ്രതിനിധി ഷിബു ബേബിജോണായതിനാല്‍ മന്ത്രി രാജിവച്ചാലും ഇല്ലെങ്കിലും എംഎല്‍എമാരടക്കമുള്ള വിഭാഗം ഇടതുമുന്നണിയിലേക്ക് മടങ്ങുമെന്നാണ് ആര്‍എസ്പി നേതൃത്വത്തില്‍ നിന്നും ലഭിക്കുന്ന സൂചന.

സിപിഎം കേന്ദ്ര നേതൃത്വവും മടങ്ങിവരാന്‍ ആവശ്യപ്പെട്ടതിനാല്‍ മാന്യമായ പരിഗണന അസംബ്ലി തിരഞ്ഞെടുപ്പില്‍ ലഭിക്കുമെന്ന് തന്നെയാണ് നേതൃത്വം വിശ്വസിക്കുന്നത്.

ജനതാദള്‍ (യു)വിന് രണ്ട് അംഗങ്ങളും ആര്‍എസ്പിക്ക് മൂന്ന് അംഗങ്ങളുമാണ് അസംബ്ലിയിലുള്ളത്. ഇതില്‍ ഷിബു ബേബിജോണിനെ മാറ്റി നിര്‍ത്തിയാലും മറ്റുള്ളവര്‍ രാജിവച്ചാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടും.

ജനതാദള്‍ എസിനെയും യുവിനെയും ലയിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ ജനതാദള്‍ (യു) ദേശീയ അധ്യക്ഷന്‍ ശരത് യാദവും തദ്ദേശ തിരഞ്ഞെടുപ്പ് വിധി വരാനാണ് കാത്തിരിക്കുന്നത്.

യുഡിഎഫിന്റെ പ്രകടനം മോശമായാല്‍ അസംബ്ലി തിരഞ്ഞെടുപ്പിന് മുമ്പ് ഇടതുമുന്നണിയിലേക്ക് മടങ്ങണമെന്ന് കേരള കോണ്‍ഗ്രസ്സിലെ ജോസഫ് വിഭാഗത്തിലും അഭിപ്രായമുണ്ട്. ഈ വിഭാഗത്തിന് നിലവില്‍ മന്ത്രി പി.ജെ. ജോസഫ് അടക്കം മൂന്ന് അംഗങ്ങള്‍ അസംബ്ലിയിലുണ്ട്.

ബാര്‍ കോഴ കേസില്‍ കുരുങ്ങിയ കെ.എം മാണിയെ ഒരു കാരണവശാലും ഇടതുമുന്നണി അടുപ്പിക്കില്ലെന്ന് ഉറപ്പുള്ളതിനാല്‍ ജോസഫ് വിഭാഗത്തിനേ യുഡിഎഫ് വിടാന്‍ പറ്റൂ. മുന്‍ എം.പി ഫ്രാന്‍സിസ് ജോര്‍ജ്ജ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് ഇടത്തോട്ടാണ് നോട്ടം.

അസംബ്ലി തിരഞ്ഞെടുപ്പിന് മുന്‍പ് നടക്കുന്ന സെമി ഫൈനലായി യുഡിഎഫ് തന്നെ വിലയിരുത്തുന്ന തദ്ദേശ തിരഞ്ഞെടുപ്പ് യഥാര്‍ത്ഥത്തില്‍ യുഡിഎഫ് സംവിധാനത്തെ സംബന്ധിച്ച് ഫൈനലാവുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

Top