കൊച്ചി: കൊച്ചി കോര്‍പ്പറേഷനില്‍ രവിപുരം വാര്‍ഡില്‍ നിന്നും മത്സരിച്ച സിപിഎം സ്ഥാനാര്‍ഥിയും മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ മകളുമായി ഉഷ പ്രവീണ്‍ തോറ്റു. എം.വി. രാഘവന്റെ മകള്‍ എം.വി. ഗിരിജയും കണ്ണൂര്‍ കോര്‍പ്പറേഷനില്‍ പരാജയപ്പെട്ടു.
27 വോട്ടിനാണ് ഉഷ പ്രവീണ്‍ പരാജയപ്പെട്ടത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡേവിഡ് പറമ്പിത്തറയാണ് വിജയിച്ചത്. മുന്‍നിയമസഭാ സ്പീക്കര്‍ അലക്സാണ്ടര്‍ പറമ്പിത്തറയുടെ മകനാണ് ഡേവിഡ് പറമ്പിത്തറ. ഡേവിഡ് 545 വോട്ട് നേടിയപ്പോള്‍ ഉഷയ്ക്ക് 518 വോട്ട് മാത്രമേ നേടാനായുള്ളൂ. ബിജെപി സ്ഥാനാര്‍ഥി അച്യുതന് വെട്ടത്ത് 309 വോട്ട് നേടി.
ഉഷയുടെ ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇത്. എല്‍ഡിഎഫിന് ഭരണം ലഭിച്ചാല്‍ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ ഒരാളായിരുന്നു ഉഷ.
എം.വി. രാഘവന്റെ മകള്‍ 163 വോട്ടിനാണ് കണ്ണൂര്‍ കോര്‍പ്പറേഷനിലെ കിഴുന്നയില്നിന്ന് പരാജയപ്പെട്ടത്. ഗിരിജ 891 വോട്ട് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുമ ബാലകൃഷ്ണന് 1054 വോട്ട് നേടി. ബിജെപി സ്ഥാനാര്‍ഥി വി. വിലാസിനിക്ക് 214 വോട്ട് ലഭിച്ചു.