ധുലെ: താന്‍ ഡല്‍ഹിയിലുള്ളിടത്തോളം മഹാരാഷ്ട്രയെ വിഭജിക്കില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. മഹാരാഷ്ട്ര വിഭജിച്ചു വിദര്‍ഭ പ്രത്യേക സംസ്ഥാനമാക്കണമെന്ന ബിജെപിയുടെ മുന്‍ നിലപാടുകള്‍ പൂര്‍ണമായും തള്ളിക്കൊണ്ടാണു സംസ്ഥാനത്തെ വിവിധ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികളില്‍ മോഡിയുടെ പ്രഖ്യാപനം. മുംബൈയെ കേന്ദ്ര ഭരണപ്രദേശമാക്കില്ലെന്നും മോഡി വ്യക്തമാക്കി.
ബിജെപി അധികാരത്തിലെത്തിയാല്‍ മറാഠയെ വിഭജിക്കുമെന്നു ശിവസേന പ്രചാരണം നടത്തിയിരുന്നു. മഹാരാഷ്ട്ര ഇതുപോലെ തുടരണമെങ്കില്‍ ബിജെപിയെ പുറത്താക്കണമെന്നു സേനാ മേധാവി ഉദ്ധവ് താക്കറെ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ശിവജിയുടെ നാടിനെ വിഭജിക്കാന്‍ ആര്‍ക്കാണു ധൈര്യമെന്ന മറുചോദ്യമുന്നയിച്ചാണു മോഡി ഇന്നലെ റാലികളില്‍ ഈ ആരോപണത്തെ നേരിട്ടത്.
സംസ്ഥാനത്തു ബിജെപി ഒറ്റയ്ക്കു ഭൂരിപക്ഷം തികയ്ക്കുമെന്നും മോദി അവകാശപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ ബിജെപിക്കു 120 സീറ്റാണു പണ്ഡിതര്‍ പ്രവചിച്ചത്. പക്ഷേ, പാര്‍ട്ടി 282ലെത്തി. സഖ്യകക്ഷികളടക്കം 300 കവിഞ്ഞു. മഹാരാഷ്ട്രയില്‍ പാര്‍ട്ടി ഒറ്റയ്ക്കു ഭൂരിപക്ഷം തികയ്ക്കും മോഡി പറഞ്ഞു.