തിങ്കളാഴ്ചയ്ക്കകം 10 ബാറുകള്‍ക്ക് കൂടി ലൈസന്‍സ് നല്കുമെന്ന് സര്‍ക്കാര്‍

കൊച്ചി: സംസ്ഥാനത്ത് 10 ബാറുകള്‍ക്ക് കൂടി തിങ്കളാഴ്ചയ്ക്കകം ലൈസന്‍സ് നല്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നേരത്തെ ഈ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള കോടതി ഉത്തരവ് നടപ്പാക്കാത്തതിലുള്ള കോടതിയലക്ഷ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

10 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ നികുതി സെക്രട്ടറിക്ക് നേരത്തെ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഇത് ചോദ്യം ചെയ്യുകയാണുണ്ടായത്. അതേസമയം സുപ്രീം കോടതി കടുത്ത വിമര്‍ശനങ്ങളോടെ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതു പാലിക്കാത്ത നികുതി സെക്രട്ടറിയുടെ നടപടി കോടതിയലക്ഷ്യമാണെന്നായിരുന്നു ബാറുടമകളുടെ വാദം. ഇതു സംബന്ധിച്ച് ഫയല്‍ മന്ത്രിസഭയ്ക്കു വിട്ടിട്ടുണ്ടെന്നും മന്ത്രിസഭ തീരുമാനമെടുത്തിട്ടില്ലെന്നും നികുതി സെക്രട്ടറിയുടെ സത്യവാങ്മൂലം അഡ്വക്കേറ്റ് ജനറല്‍ സമര്‍പ്പിച്ചിരുന്നു.

ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്ന് നികുതി സെക്രട്ടറിയും നികുതി കമ്മിഷണറുമാണ് കോടതിയലക്ഷ്യ ഹര്‍ജി നേരിടുന്നത്. ജസ്റ്റീസ് കെ.ബി.രാമകൃഷ്ണപിള്ളയുടെ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്.

Top