തിങ്കളാഴ്ച ആഴ്ചയിലെ ഏറ്റവും മോശം ദിവസം: പ്രഖ്യാപനവുമായി ഗിന്നസ്

ലണ്ടന്‍:  ആഴ്ചയിലെ ഏറ്റവും മോശമായ ദിവസമാണ് തിങ്കളാഴ്ച്ചയെന്ന്  ഔദ്യോഗികമായി പ്രഖ്യാപിച്ച് ഗിന്നസ് ലോക റെക്കോർഡ്. ഈ കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രഖ്യാപനമെന്നതും ഏറെ കൗതുകമുണർത്തി. ”ഞങ്ങള്‍ തിങ്കളാഴ്ചക്ക് ആഴ്ചയിലെ ഏറ്റവും മോശം ദിവസമെന്ന റെക്കോഡ് നല്‍കുന്നു” ഗിന്നസ് ലോക റെക്കോഡ് ട്വിറ്ററില്‍ കുറിച്ചു. ആളുകളുടെ മനസ് കണ്ടറിഞ്ഞതു പോലെയുള്ള റെക്കോഡെന്നാണ് ഉപയോക്താക്കള്‍ പ്രതികരിച്ചത്. വീഡിയോ ഗെയിമും ആനിമേറ്റഡ് മൂവി കഥാപാത്രവുമായ ‘റെഡ് ദ ആംഗ്രി ബേർഡ്’ എന്നതിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നാണ് ആദ്യ കമന്റ് പ്രത്യക്ഷപ്പെടുന്നത്. ‘നിങ്ങളതിന് ഇത്രയും സമയമെടുത്തു’ എന്നായിരുന്നു ട്വീറ്റ്. ‘എനിക്കറിയാം..ശരിയല്ലേ’ എന്നായിരുന്നു ഗിന്നസിന്റെ മറുപടി.

സ്കൂള്‍ കുട്ടികൾ മുതൽ മുതിർന്ന ആളുകൾക്ക് വരെ ഇഷ്ടമല്ലാത്ത ദിവസമാണ് തിങ്കളാഴ്ച. 2 ദിവസത്തെ അവധി കഴിഞ്ഞ് തിരിച്ച് ജോലിയിലേക്കും ക്ലാസിലേക്കും മടങ്ങി പോകുന്നത്ര മടി മറ്റൊനനിനുമില്ലെന്നാണ് പൊതുവെയുള്ള അഭിപ്രായം. രണ്ടു ദിവസത്തെ അവധി കഴിഞ്ഞ് തിങ്കളാഴ്ചയാകുമ്പോള്‍ ആ സന്തോഷമൊക്കെ പോകും. പിന്നെ സ്കൂളില്‍ പോകണ്ടേ എന്ന വിഷമമാണ്. ജോലിയുള്ളവരാണെങ്കിലും ഈ അവസ്ഥ തന്നെയാണ്. അങ്ങനെ തിങ്കളാഴ്ചയെ ശപിച്ചുകൊണ്ടായിരിക്കും ഭൂരിഭാഗം പേരും തൊഴിലിടങ്ങളിലെത്തുന്നത്. ഗിന്നസ് ലോകറെക്കോഡിനും തിങ്കളാഴ്ചയെക്കുറിച്ച് ഈ അഭിപ്രായം തന്നെയാണ്. ഏറ്റവും നല്ല ദിവസമെന്ന് പറഞ്ഞാല്‍ വെള്ളിയാഴ്ചയായിരുന്നു. ശനിയും ഞായറും ക്ലാസില്ലല്ലോ എന്ന സന്തോഷത്തിലാണ് നമ്മളില്‍ പലരും വീട്ടിലെത്തിയിരുന്നത്.

 

Top