തദ്ദേശ വിധി: പോലീസ് ഉദ്യോഗസ്ഥരും ആകാംക്ഷയില്‍; തിരിച്ചടിച്ചാല്‍ ‘കളം’ മാറും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് വിധി ശനിയാഴ്ച വരാനിരിക്കെ സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരും ആകാംക്ഷയില്‍.

ഏത് ഭരണം വന്നാലും തങ്ങള്‍ക്ക് കണക്കാണെന്ന മട്ടില്‍ നില്‍ക്കുന്ന ചെറിയ ഒരു വിഭാഗത്തെ മാറ്റി നിര്‍ത്തിയാല്‍ ബാക്കി വരുന്ന നല്ലൊരു വിഭാഗത്തിനും തദ്ദേശ വിധി നിര്‍ണ്ണായകമാണ്.

ഇത്രയധികം വെല്ലുവിളി നേരിട്ടിട്ടും യുഡിഎഫിന് തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞാല്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന വിലയിരുത്തലിലാണ് ഈ വിഭാഗം.

നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി കഷ്ടിച്ച് ആറ് മാസമേ ബാക്കിയുള്ളൂ എന്നിരിക്കെ ക്രമസമാധാന ചുമതലയില്‍ വര്‍ഷങ്ങളായി തുടരുന്ന മിക്ക ഉദ്യോഗസ്ഥന്മാരും യുഡിഎഫിന് അടിപതറിയാല്‍ സ്‌പെഷല്‍ വിഭാഗങ്ങളിലേക്ക് മാറാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

ഭരണമാറ്റമുണ്ടായാല്‍ നിലവില്‍ ക്രമസമാധാന രംഗത്തുള്ള ഉദ്യോഗസ്ഥര്‍ തെറിപ്പിക്കപ്പെടുമെന്ന് കണ്ടാണ് ഈ നീക്കം.

മാണിക്കെതിരായ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ യുഡിഎഫ് ഘടകകക്ഷികള്‍ക്കിടയിലെ മനംമാറ്റം ഭരണപക്ഷ ‘വിധേയരായ’ പൊലീസുകാരുടെ ചങ്കിടിപ്പിക്കുന്നതാണ്.

സര്‍ക്കാരുകള്‍ മാറി വരുന്ന ഘട്ടങ്ങളിലെല്ലാം തങ്ങള്‍ക്ക് സ്വീകാര്യരായ ഉദ്യോഗസ്ഥരെയാണ് ഇരുമുന്നണികളും ക്രമസമാധാന ചുമതലയടക്കമുളള തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ നിയോഗിക്കാറ്.

അഞ്ച് വര്‍ഷത്തിന് ശേഷം ഭരണം മാറുന്ന കേരളത്തിന്റെ കീഴ്‌വഴക്കം എസ്എന്‍ഡിപി യോഗം – ബിജെപി കൂട്ടുകെട്ടിന്റെ സാന്നിധ്യത്തോടെ മാറുമെന്ന പ്രചരണമാണ് തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ക്രമസമാധാന ചുമതലയില്‍ പിടിച്ചുനില്‍ക്കാന്‍ പലരെയും പ്രേരിപ്പിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ ജില്ലകളില്‍ മൂന്ന് വര്‍ഷത്തോളമിരുന്ന ഉദ്യോഗസ്ഥര്‍ക്ക് സ്വാഭാവികമായി മാറേണ്ടി വരുമെന്നതിനാല്‍ സമീപ ജില്ലകളിലെ പോസ്റ്റിംഗ് ഉറപ്പിച്ചവരെയാണ് തദ്ദേശ തിരഞ്ഞെടുപ്പ് വിധി ആശങ്കയിലാഴ്ത്തുന്നത്.

യുഡിഎഫിന് തിരിച്ചടി നേരിട്ടാല്‍ നിയമസഭാ തിരഞ്ഞെടുപ്പിലും ചരിത്രം ആവര്‍ത്തിക്കാനാണ് സാധ്യത കൂടുതല്‍ എന്നതിനാല്‍ ‘റിസ്‌ക്ക്’ എടുത്ത് പ്രതിപക്ഷത്തിന്റെ കണ്ണിലെ കരടാവേണ്ട എന്ന നിഗമനമാണ് സ്ഥാനമോഹികളായ ഇത്തരം ഉദ്യോഗസ്ഥര്‍ക്കിടയിലുള്ളത്.

പീഡന കേസില്‍ ആരോപണ വിധേയനായ എഡിജിപി മുതല്‍ എസ്.ഐ വരെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്.

ആഭ്യന്തര വകുപ്പ് ഐ ഗ്രൂപ്പിന് ലഭിച്ചശേഷം പോലീസില്‍ ഗ്രൂപ്പിന് തല്‍പരരായ ആളുകളെ തിരഞ്ഞ് പിടിച്ച് നിയമിച്ചുവെന്ന ആക്ഷേപം കോണ്‍ഗ്രസ്സിലെ എ വിഭാഗം നേതാക്കള്‍ക്കിടയില്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു.

ജില്ലാ ഭരണത്തില്‍ നിന്നും നേരിട്ട് ഐപിഎസ് നേടിയ ഉദ്യോഗസ്ഥരെ നിയമനം നല്‍കി മാസങ്ങള്‍ക്കുള്ളില്‍ മാറ്റിയ ആഭ്യന്തര വകുപ്പിന്റെ നടപടിയില്‍ ഐപിഎസ് അസോസിയേഷനും കടുത്ത അതൃപ്തിയിലാണ്.

ഇങ്ങനെ നിയമവിരുദ്ധമായി കണ്ണൂര്‍, വയനാട്, കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറല്‍, മലപ്പുറം, പാലക്കാട്, തൃശൂര്‍ റൂറല്‍, കൊല്ലം റൂറല്‍, ആലപ്പുഴ ജില്ലകളില്‍ നിന്ന് സ്ഥലം മാറ്റപ്പെട്ട ഐപിഎസ് യുവത്വത്തിന് പകരമായി സര്‍വ്വീസില്‍ നിന്ന് വിരമിച്ചതിനുശേഷം ഐപിഎസ് കിട്ടിയവരുര്‍ള്‍പ്പെടെയുള്ള പ്രമോട്ടി എസ്.പിമാരെയാണ് നിയമിച്ചിരിക്കുന്നത്.

ഗുരുതരമായ ആക്ഷേപങ്ങളെ തുടര്‍ന്ന് സ്ഥലം മാറ്റപ്പെട്ട കണ്‍ഫേഡ് എസ്.പിമാര്‍ക്കും പകരം ജില്ലകള്‍ തന്നെ നല്‍കി ‘ആശ്രിത’ സ്‌നേഹം കാണിച്ച സര്‍ക്കാര്‍ ഐപിഎസ്‌കാരോട് ഒരു ദയയും കാണിച്ചിരുന്നില്ല.

ഏതെങ്കിലും രാഷ്ട്രീയക്കാരന്റെ കാലുപിടിച്ച് ജില്ലാ ഭരണത്തില്‍ വരാന്‍ താല്‍പര്യമില്ലാത്തതിനാല്‍ അന്യായമായ സ്ഥലം മാറ്റത്തിനെതിരെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാനും ചില ഐപിഎസ് ഉദ്യോഗസ്ഥര്‍ തയ്യാറായി എന്നതും ശ്രദ്ധേയമാണ്.

രാഷ്ട്രീയ നേതാക്കളുമായി നിരന്തരം ബന്ധം പുലര്‍ത്തുന്ന എസ്.ഐ തലം മുതല്‍ എസ്.പി തലം വരെയുള്ള കേരള സര്‍വ്വീസിലെ പ്രബല വിഭാഗമാണ് തങ്ങളുടെ നിലപാട് മാറ്റത്തിന് ഇപ്പോള്‍ തദ്ദേശ ‘കാറ്റിന്റെ ഗതി’ വീക്ഷിക്കുന്നത്. ചില ഒറ്റപ്പെട്ട ഐപിഎസ് കാരും ഇക്കൂട്ടത്തിലുണ്ട്.

തന്നെ പീഡിപ്പിച്ചുവെന്ന് യുവതി പരാതി നല്‍കിയ മുതിര്‍ന്ന ഐപിഎസ് കാരനെതിരെ ഒരു നടപടിയും സ്വീകരിക്കാതെ ഇപ്പോഴും ക്രമസമാധാന ചുമതലയില്‍ തുടരാന്‍ അനുവദിച്ച സര്‍ക്കാരാണ് അനീതിക്കെതിരെ പ്രതികരിച്ചതിന് ഡിജിപി ജേക്കബ് തോമസിനെതിരെ തിരഞ്ഞെടുപ്പ് വിധിക്ക് ശേഷം നടപടിക്കൊരുങ്ങുന്നത്.

ഭരണമാറ്റമുണ്ടായാല്‍ ജേക്കബ് തോമസിനെതിരെ എന്ത് നടപടി സ്വീകരിച്ചാലും അത് റദ്ദാക്കുമെന്ന് ഇടത് കേന്ദ്രങ്ങള്‍ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഈ വിവാദങ്ങള്‍ക്കെല്ലാം ഒരു വഴിതിരിവ് നാളത്തെ ഫലപ്രഖ്യാപനത്തിന് ശേഷം ഉണ്ടാകുമെന്ന് തന്നെയാണ് രാഷ്ട്രീയ കേരളം പ്രതീക്ഷിക്കുന്നത്.

Top