വാഷിംഗ്ടണ്‍: ഇറാഖിലെയും സിറിയയിലെയും ഇസില്‍ വിരുദ്ധ യുദ്ധത്തിന് അമേരിക്ക ഇതുവരെ ചെലവഴിച്ചത് 110 കോടി ഡോളര്‍. അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് പുറത്തുവിട്ടതാണ് ഈ കണക്ക്. അമേരിക്കയുടെ നേതൃത്വത്തില്‍ ഇറാഖില്‍ ആഗസ്റ്റ് എട്ടിനും സിറിയയില്‍ സെപ്തംബര്‍ 22നുമാണ് ആക്രമണം ആരംഭിച്ചിരുന്നത്. ഇസിലിനെതിരെ സമഗ്രമായ മുന്നേറ്റം എന്ന യു എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ പദ്ധതിയനുസരിച്ചായിരുന്നു ഇറാഖിലും സിറിയയിലും ഇസില്‍ തീവ്രവാദികള്‍ക്കെതിരെ അമേരിക്ക ആക്രമണം തുടങ്ങിയത്. മൊത്തം ചെലവായതില്‍ 50 ശതമാനവും നാവിക ആക്രമണത്തിനും തോമാഹൗക് ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ചത് വഴിയുമാണ്. ഇതുവരെ യു എസ് നാവിക സേനക്ക് വേണ്ടി 62 മില്യണ്‍ ഡോളര്‍ ചെലവഴിച്ചു കഴിഞ്ഞു. നാവിക സേന 185 തവണ ആക്രമണം നടത്തിയപ്പോള്‍ വ്യോമ സേന 1,000 ആക്രമണം നടത്തി. ജൂണ്‍ മുതല്‍ ഇതുവരെ ഓരോ ദിവസവും ഏകദേശം 70 ലക്ഷം ഡോളര്‍ മുതല്‍ ഒരു കോടി ഡോളര്‍ വരെ ഇസില്‍ വിരുദ്ധ യുദ്ധത്തിന് വേണ്ടി അമേരിക്ക ചെലവഴിക്കുന്നതായാണ് റിപ്പോര്‍ട്ട്.